മട്ടന്നൂർ :- സംസ്ഥാന ഹജ് കമ്മിറ്റി മുഖേന കണ്ണൂർ രാജ്യാന്തരവിമാനത്താവളം വഴി ഹജ്ജിന് പോകുന്നവർക്കുള്ള ക്യാമ്പ് ഒരുക്കുന്ന സ്ഥലം സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ വിദഗ്‌ധ സംഘം സന്ദർശിച്ചു. ഹജ് ഹൗസ് നിർമിക്കുന്ന സ്‌ഥലത്തുതന്നെ താൽക്കാലിക സൗകര്യം ഒരുക്കാനാണ് തീരുമാനം. അതോടൊപ്പം ഹജ് ഹൗസിന്റെ നിർമാണത്തിനും തുടക്കം കുറിക്കും.
4600 ഓളം പേരാണ് ഇത്തവണ കണ്ണൂർ വഴി ഹജ്ജിന് പോകുക. മേയ് 5 മുതൽ 18 വരെയാണ് കണ്ണൂരിൽ നിന്നുള്ള ഹജ് യാത്ര. സൗദി അറേബ്യയുടെ ഫ്ലൈ അദീൽ വിമാന കമ്പനിയാണ് സർവീസ് നടത്തുന്നത്. ഹജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫർ കെ.കക്കൂത്, ഹജ് കമ്മിറ്റി അംഗങ്ങളായ ഒ.വി ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, ഹജ് കമ്മിറ്റി എൻജിനീയർ ടീം അംഗങ്ങളായ എം.ഉസ്‌മാൻ, ഇ.കെ മജീദ്, നിസാർ അതിരകം, സി.കെ സുബൈർ ഹാജി, നോഡൽ ഓഫിസർ എം.സി.കെ ഗഫൂർ എന്നിവരും പങ്കെടുത്തു.
