എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കായിക പരിശീലകരെ നിയമിക്കും ; ഒളിംപിക്സിൽ 250 കായികതാരങ്ങളെ പങ്കെടുപ്പിക്കാൻ പദ്ധതിയെന്ന് മന്ത്രി വി.അബ്ദുറഹിമാൻ


കണ്ണൂർ :- ഒളിംപിക് പാത്ത് എന്ന പദ്ധതിയിലൂടെ 2036 ഒളിംപിക്സിൽ 250 കായികതാരങ്ങളെ പങ്കെടുപ്പിക്കാനുള്ള തീവ്രപദ്ധതി കായിക വകുപ്പ് തയാറാക്കുകയാണെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. കായിക യുവജന വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സ്പോർട്സ് കിറ്റിന്റെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 5000 കുട്ടികളെ കണ്ടെത്തി പരിശീലനം നൽകും. വിവിധ കായികമേളകളിൽ ഇവരെ പങ്കെടുപ്പിക്കുകയും ഏറ്റവും മികച്ച 250 കായിക താരങ്ങളെ ഒളിംപിക്സിൽ പങ്കെടുപ്പിക്കാൻ പ്രാപ്ത രാക്കുകയും ചെയ്യാനാണ് കായികവകുപ്പ് ലക്ഷ്യമിടുന്നത്. 

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 5 വീതം കായിക പരിശീലകരെ നിയമിക്കാൻ പദ്ധതി സർക്കാർ തയാറാക്കി. ഇതിലൂടെ കായികമേഖലയിൽ കുറഞ്ഞത് 5000 തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാനാകുമെന്നും പറഞ്ഞു. ജി.വി രാജ സ്പോർട്‌സ് സ്‌കൂൾ ഉൾപ്പെടെയുള്ളവയിൽ വിദ്യാർഥികൾക്കു പ്രത്യേക പാഠ്യപദ്ധതി ആവിഷ്കരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുകയാണ്. കായികതാരങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയതിലൂടെ പരുക്കുകൾ വിദേശരാജ്യങ്ങളിൽ പോയി ചികിത്സിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.


Previous Post Next Post