കമ്പിൽ :- കമ്പിൽ ടൗണിൽ കടയുടെ മറവിൽ വൻ ലഹരിവില്പന നടത്തിയ കടയുടമയായ പെരുമാച്ചേരി കൊട്ടപ്പൊയിൽ സ്വദേശി അറസ്റ്റിലായി. കണ്ണൂർ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 'ബി.ആർ ലബാൻ' എന്ന സ്ഥാപനത്തിൽ നിന്ന് 470 ഗ്രാം MDMA പിടികൂടിയത്. കടയുടമയായ കൊട്ടപ്പൊയിൽ സ്വദേശി ബാദ്ഷയെ എക്സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
കടയുടെ മറവിൽ ലഹരിമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ സ്ക്വാഡ് പരിശോധനയ്ക്കായി എത്തിയത്. എക്സൈസ് ഇൻസ്‌പെക്ടർ സിയാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്. പരിശോധനയിൽ വൻതോതിൽ MDMA കണ്ടെടുത്ത വിവരം പുറത്തറിഞ്ഞതോടെ പ്രദേശത്ത് നാട്ടുകാർ തടിച്ചുകൂടി. തുടർന്ന് വലിയ തോതിലുള്ള പ്രതിഷേധമാണ് കടയ്ക്ക് പുറത്ത് അരങ്ങേറിയത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെയും ജനരോഷത്തെയും തുടർന്നാണ് ഉദ്യോഗസ്ഥർ പ്രതിയെയും പിടിച്ചെടുത്ത ലഹരിമരുന്നും കടയിൽ നിന്നും പുറത്ത് കൊണ്ടുവന്നത്.
സമീപപ്രദേശങ്ങളിൽ നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും സ്ഥലത്തുണ്ടായിരുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിവരുന്നപശ്ചാത്തലത്തിൽ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.




