കണ്ണൂർ :- ജില്ലയിൽ അപകടങ്ങൾ വർധിക്കുന്നതു തടയാൻ നടപടി കർശനമാക്കി പോലീസ്. അടുത്ത കാലത്തായി ബൈക്ക് അപകടങ്ങൾ വർധിക്കുകയും ഒട്ടേറെ ജീവൻ നഷ്പ്പെടുകയും ചെയ്തിട്ടുണ്ട്. അമിത വേഗമാണ് പലപ്പോഴും അപകടകാരണം. ഇരുപത്തഞ്ചോളം ഇത്തരം 'മിന്നൽ ബൈക്കുകൾ' പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നമ്പർപ്ലേറ്റ് മറച്ചുവച്ചും അഴിച്ചുമാറ്റിയും ന്യൂജൻ ബൈക്കുകളിലാണ് കൗമാരക്കാരുടെയും യുവാക്കളുടെയും കറക്കം. ഹെൽമറ്റ് ധരിക്കാത്തതും മൂന്നു പേരുമായുള്ള യാത്രയും അപകടസാധ്യത വർധിപ്പിക്കുന്നു. പലപ്പോഴും പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് ആവശ്യമായ രേഖകൾ ഇല്ലെന്നതും ആശങ്കയാകുന്നു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറ്റുള്ളവർക്കു തിരിച്ചറിയാൻ സാധിക്കാത്ത നിലയിൽ മാറ്റുകയാണു ചെയ്യുന്നത്.
സൈലൻസർ കേടുവരുത്തി വലിയ ശബ്ദമുണ്ടാക്കിയാണ് പറക്കൽ. റോഡ് ക്യാമറയിൽ പെട്ടാൽ പിടിക്കപ്പെടാതിരിക്കാനാണു നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്നതും അഴിച്ചു മാറ്റുന്നതും. റോഡ് ക്യാമറകൾ വന്നതോടെ റോഡിലുള്ള മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിൻ്റെയും പരിശോധന കാര്യമായി കുറഞ്ഞതും ഇത്തരക്കാർക്കു ഗുണകരമായി. അമിതവേഗത്തിൽ പോകുമ്പോൾ നമ്പർ പ്ലേറ്റ് ക്യാമറയിൽ പതിയാതിരിക്കാനുള്ള സംവിധാനം ബൈക്കിൽ ഘടിപ്പിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് ഹാൻഡിലിലെത്തുന്ന കേബിൾ വഴി നമ്പർ പ്ലേറ്റ് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുകയാണ്. വേഗം കുറയുമ്പോൾ, നമ്പർ പ്ലേറ്റ് യഥാസ്‌ഥാനത്തേക്കു താഴ്ത്തുകയും ചെയ്യും. ഇത്തരത്തിൽ കാണിക്കുന്ന ക്രമക്കേടുകൾ ഏറെയാണ്.
