വീട്ടിലെത്താന്‍ അരമണിക്കൂര്‍ മാത്രം ശേഷിക്കെ അപകടം ; നോവായി സുഹൃത്തുക്കളുടെ വിയോഗം, ബാക്കിയായത് അവസാനമെടുത്ത സെൽഫി


കൂടാളി :- കൂടാളിയില്‍ നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ഞെട്ടൽ മാറാതെ ഉറ്റവർ. ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്. അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അലവില്‍ സ്വദേശിയായ ഷാന്‍ തന്റെ കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് വരികയായിരുന്നു. ബെംഗളൂരുവില്‍ നിന്ന് വൈകുന്നേരം പുറപ്പെട്ട സംഘം വീട്ടിലെത്താന്‍ അര മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്.

അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരാള്‍ അപകടസ്ഥലത്ത് വെച്ചും മൂന്ന് പേര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ വഴിയരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.  തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ച് പേരെയും പുറത്തെത്തിച്ചത്. 

വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ക്കിടെയാണ് ഷാനിന്റെ ബന്ധുക്കള്‍ വിവരം അറിയുന്നത്. ഷാനും സുഹൃത്തുക്കളും ബെംഗളൂരുവിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുകയാണ്. ഒരുമിച്ച് പഠിച്ച സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒത്തുകൂടുകയായിരുന്നു. പരം ഛേദ്രി, ഹര്‍ഷ്, റിസ്‌വാന്‍, ഷാന്‍ എന്നിവരാണ് മരിച്ചത്.



Previous Post Next Post