കണ്ണൂർ പഴയ ബസ് സ്റ്റാന്റിന് സമീപം കടവരാന്തയിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം ; ബസ് കണ്ടക്ടറായ മയ്യിൽ സ്വദേശി പിടിയിൽ



കണ്ണൂർ :- കടവരാന്തയിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കണ്ണൂർ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ തുണിക്കടയുടെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവറും ചിറക്കൽ സ്വദേശി കെ.വി ഗിരീഷ് (50) എന്ന അട്ട ഗിരീശനാണ് ഇന്നലെ അർധരാത്രി ഇരുമ്പ് വടി കൊണ്ട് തലക്കും ദേഹമാസകലവും ക്രൂരമായി മർദ്ദനമേറ്റത്. ഗുരുതര പരിക്കുകളോടെ ഗിരീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

സംഭവത്തിൽ ബസ് കണ്ടക്ടറായ മയ്യിൽ സ്വദേശി ഉജിത്തിനെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗിരീഷിന്റെ ഭാര്യയുടെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുണിക്കടയുടെ വരാന്തയിൽ ഗിരീഷിനോടൊപ്പം കിടന്നുറങ്ങുകയായിരുന്ന ഭാര്യ ഫാസിലയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിലാണ് ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസും ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്ത് ഇന്ന് ഉച്ചയോടെ പരിശോധന നടത്തി.

Previous Post Next Post