കുറ്റ്യാട്ടൂർ :- 2016-ൽ കാണാതായ തന്റെ മകളെ കണ്ടെത്തുന്നതിനായി കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി. മാണിയൂർ തരിയേരി അമ്പലക്കണ്ടി ബദരിയ മൻസിലിൽ കോമത്ത് മുഹമ്മദലിയാണ് (57) നീതി തേടി വീണ്ടും അധികൃതരെ സമീപിച്ചത്. എച്ചൂരിലെ സ്വകാര്യ കോളേജ് വിദ്യാർഥിനിയായിരുന്ന 19 വയസ്സുകാരി ഹസനത്തിനെ 2016 സെപ്റ്റംബർ 18-നാണ് കാണാതാകുന്നത്. കണ്ണൂർ കോട്ട സന്ദർശിക്കാനായി വീട്ടിൽ നിന്നിറങ്ങിയ ഹസനത്ത് പിന്നീട് തിരികെ എത്തിയില്ല. തുടർന്ന് നടന്ന പരിശോധനയിൽ കണ്ണൂർ കോട്ടയ്ക്കുള്ളിൽ നിന്ന് ഹസനത്തിന്റെ ബാഗും കുടയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ല.
സംഭവശേഷം മയ്യിൽ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും, വീട്ടുകാരെ വിളിച്ച് മൊഴിയെടുത്തതല്ലാതെ മറ്റ് നടപടികളൊന്നും നടന്നിട്ടില്ലെന്ന് പിതാവ് ആരോപിക്കുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ അന്വേഷണ പുരോഗതിയും കുടുംബത്തെ അറിയിച്ചിട്ടില്ല. വർഷങ്ങളായി മയ്യിൽ പോലീസ് സ്റ്റേഷനിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും കയറിയിറങ്ങിയിട്ടും ഫലമില്ലാത്തതിനെ തുടർന്നാണ് കുടുംബം ഇപ്പോൾ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. അടിയന്തിരമായി ഇടപെടലുകൾ നടത്തി മകളെ കണ്ടെത്താനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് മുഹമ്മദലി നൽകിയ പരാതിയിലുണ്ട്.
ഉന്നത പോലീസ് അധികാരികൾക്കും അന്നത്തെ മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ വലിയ പു രോഗതിയൊന്നും ഉണ്ടായില്ല. ഓരോ ദിവസവും മകൾ വരുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കളുടെയും കുടുംബത്തിന്റെയും കാത്തിരിപ്പ്. തുടരന്വേഷണം ആവശ്യപ്പെട്ട് ടി.കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മുഖേന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞദിവസം മുഹമ്മദലി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പുതിയഭരണത്തിലും പോലീസ് സംവിധാനത്തിലും പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് കുടുംബം.
