ആലപ്പുഴ :- വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തി. അഞ്ച് വർഷം മുമ്പ് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്‌ത പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫിൻ്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. സംഭവത്തിൽ ശസ്ത്രക്രിയാ രേഖകൾ പരിശോധിച്ച് രാവിലെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദേശം നൽകി. ആരോഗ്യ മന്ത്രി വീണാ ജോർജാണ് നിർദേശം നൽകിയത്. അഞ്ചു വർഷം മുൻപ് ഗൈനക്കോളജി ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ആയിരുന്ന ഡോക്ടർ ലളിതാംബികയുടെ യൂണിറ്റായിരുന്നു ഇവർക്ക് ശസ്ത്രക്രിയ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട സമഗ്രമായ റിപ്പോർട്ട് 12 മണിയോടെ ആരോഗ്യവകുപ്പിന് കൈമാറണമെന്നാണ് നിർദ്ദേശം. ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനായി കൊവിഡ് സമയത്താണ് ഉഷ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് 2021 മെയ് 5 ന് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനുള്ള ഓപ്പറേഷൻ നടത്തി. തുടർന്ന് രണ്ടുദിവസത്തിനുശേഷം ആശുപത്രിയിൽ നിന്ന് മടങ്ങി. ശസ്ത്രക്രിയക്കുശേഷം
കഠിനമായ വയറുവേദനയും മറ്റ് അസ്വസ്ഥതകളും തുടങ്ങി. വയറുവേദന അനുഭവപ്പെടുമ്പോൾ ആശുപത്രികളിൽ പോയി ചികിത്സ തേടിയിരുന്നു. പല മരുന്നുകളും കഴിച്ചെങ്കിലും വേദന മാറിയില്ല. തുടർന്ന് വേദന കാരണം വീണ്ടും മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കി അയക്കുകയായിരുന്നു. മൂത്രത്തിൽ കല്ലാണെന്ന് കരുതി മരുന്നും ചികിത്സയും തുടരുന്നതിനിടെ ദിവസങ്ങൾക്ക് മുമ്പ് മൂത്രത്തിൽ നിന്ന് രക്തം വരാൻ തുടങ്ങി. തുടർന്ന് ബുധനാഴ്‌ച സ്വകാര്യ ലാബിൽ നിന്ന് എക്സറേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കണ്ടത്. കെ.സി വേണുഗോപാൽ എം.പി ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെത്തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി ഇവരെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. അവിടെ പരിശോധനകൾക്ക് ശേഷം ഉപകരണം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഉടൻ നടക്കും.
