ന്യൂഡൽഹി :- അശ്ലീലം, ആൾമാറാട്ടം ഉൾപ്പടെ 8 തരം ഉള്ളടക്കം നീക്കം ചെയ്യാൻ വ്യക്തികൾ പരാതി നൽകിയാൽ സമൂഹമാധ്യമങ്ങൾ അടക്കമുള്ള ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ ഇന്നു മുതൽ അതിവേഗം നടപടിയെടുക്കണം. 72 മണിക്കൂറായിരുന്ന സമയപരിധി ഇന്നു മുതൽ 36 മണിക്കൂറായി കുറയും. കുട്ടികൾക്കെതിരായ ഉള്ളടക്കം, സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കൽ, വ്യാജ ഉള്ളടക്കം തുടങ്ങിയവയും ഈ പരിധിയിൽ വരും. 2021 ലെ ഐടി ചട്ടത്തിലെ ഭേദഗതികളാണ് ഇന്ന് പ്രാബല്യത്തിലാകുന്നത്.
വ്യക്‌തിയുടെ നഗ്നത, ലൈംഗിക ഇടപെടൽ, മോർഫ് ചെയ്‌ത ചിത്രങ്ങൾ, എഐ ഡീപ്ഫെയ്ക് തുടങ്ങിയവ സംബന്ധിച്ച് പരാതി ലഭിച്ചാൽ പ്ലാറ്റ്ഫോമുകൾ നടപടിയെടുക്കേണ്ട സമയപരിധി 24 മണിക്കൂറായിരുന്നത് ഇന്നു മുതൽ 2 മണിക്കൂറായി കുറയും. പകർപ്പവകാശമടക്കമുള്ള വിഷയങ്ങളിലെ പരാതികളിൽ നടപടിയെടുക്കാനുള്ള സമയം 15 ദിവസമായിരുന്നത് 7 ദിവസമായും കുറയും.
നിയമവിരുദ്ധമായ ഉള്ളടക്കം വിലക്കുന്നതിനായി കോടതിയിൽ നിന്നോ സർക്കാരിൽ നിന്നോ ഉത്തരവ് ലഭിച്ചാൽ പ്ലാറ്റ്ഫോമുകൾ നടപടിയെടുക്കേണ്ട സമയം 36 മണിക്കൂറായിരുന്നത് 3 മണിക്കൂറായി കുറയും. ക്രമസമാധാനം, അപകീർത്തി, കോടതിയലക്ഷ്യം തുടങ്ങിയവ ഇതിന്റെ പരിധിയിൽ വരും.
എഐ ഉള്ളടക്കം ജനറേറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും സഹായിക്കുന്ന പ്ലാറ്റ്ഫോമുകൾ, ഇത്തരം ഉള്ളടക്കങ്ങൾ കംപ്യൂട്ടർ ജനറേറ്റഡ് ആണെന്ന് വ്യക്തമാക്കുന്ന അറിയിപ്പ് അതോടൊപ്പം നൽകണം.
ഉള്ളടക്കങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ എഐ ഉള്ളടക്കമാണോ അല്ലയോ എന്ന് സമൂഹമാധ്യമങ്ങൾ ഉപയോക്താക്കളിൽ നിന്ന് ഓൺലൈനായി സത്യവാങ്മൂലം തേടണം. ഈ സത്യവാങ്മൂലം പരിശോധിച്ചുറപ്പാക്കാനുള്ള സാങ്കേതിക സംവിധാനവും വേണം.
എഡിറ്റ് ചെയ്യപ്പെട്ടതോ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതോ ആയ ഉള്ളടക്കങ്ങളെന്ന് ബോധ്യപ്പെട്ടാൽ ഇതുസംബന്ധിച്ച അറിയിപ്പ് ഒപ്പം നൽകണം. അറിയിപ്പില്ലാതെ ഇത്തരം ഉള്ളടക്കങ്ങൾ കമ്പനിയുടെ വീഴ്ചയായി കണക്കാക്കി നടപടിയുണ്ടാകും.
എഐ ഉള്ളടക്കത്തിനൊപ്പും അവ ഏത് കംപ്യൂട്ടറിൽ ജനറേറ്റ് ചെയ്തുവെന്നറിയാനുള്ള സവിശേഷ ഐഡി അല്ലെങ്കിൽ 'മെറ്റാ ഡേറ്റ' കമ്പനികൾ ഉൾപ്പെടുത്തണം.
