ജില്ലയിലെ ഭൂജല റീചാർജ്ജ് സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം : കേന്ദ്ര ഭൂജല ബോർഡ്

 


പഴശ്ശി ജലസേചന പദ്ധതിയിലൂടെയുള്ള ജലവിതരണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ കണ്ണൂർ ജില്ലയിലെ ഭൂജല റീചാർജിങ് കൂടുതൽ ഫലപ്രദമായി നടപ്പാക്കാമെന്ന് കേന്ദ്രഭൂജല ബോർഡ് പഠനം. കണ്ണൂർ ജില്ലയിലെ ഭൂഗർഭ ജലപാളി മാപ്പിങ്ങും ഭൂജല മാനേജ്‌മന്റ് പദ്ധതികളും സംബന്ധിച്ച് നടത്തിയ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം ഉയർന്നത്. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി അധ്യക്ഷനായി. 

കണ്ണൂർ ജില്ലയിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള ഭൂഗർഭ ജലത്തിന്റെ ഉപയോഗത്തിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ കണ്ണൂർ, പാനൂർ, തലശ്ശേരി മേഖലകളിൽ മറ്റിടങ്ങളെ അപേക്ഷിച്ച് ജലലഭ്യത കുറവാണ്. അതിനാൽ ഭൂഗർഭ ജലത്തിന്റെ റീചാർജിങ് നടത്തുന്നത് ഭാവിയിൽ ഈ പ്രദേശങ്ങൾ വരൾച്ചയിലേക്ക് പോകുന്നത് തടയുമെന്നും പഠനത്തിന്റെ പ്രധാന കണ്ടെത്തലുകളും ശാസ്ത്രീയ വിലയിരുത്തലുകളും അവതരിപ്പിച്ച കേന്ദ്ര ഭൂജല ബോർഡിലെ സയന്റിസ്റ്റ് ജി. ശ്രീനാഥ് പറഞ്ഞു. 

ജില്ലയിൽ ശാസ്ത്രീയമായ ഭൂഗർഭജല മാനേജ്മെന്റ്, സംരക്ഷണം, റീചാർജ് പ്രവർത്തനങ്ങൾ എന്നിവ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സബ്കലക്ടർ വ്യക്തമാക്കി.  ജില്ലയിലെ കുഴൽ കിണറുകളുടെ പരമാവധി ആഴം 80 മീറ്ററായി നിജപ്പെടുത്തണമെന്നുള്ള നിർദ്ദേശവും യോഗത്തിൽ ഉയർന്നു. 

കേന്ദ്ര ഭൂജല  ബോർഡ് ,കേരള മേഖല ജല ശക്തി മന്ത്രാലയം, ഭാരത സർക്കാർ കണ്ണൂർ  എന്നിവയാണ്  ജില്ലയിൽ നടപ്പിലാക്കിയ  ജലപാളി മാപ്പിങ്ങും , ഭൂജല മാനേജ്മെന്റ് സംബന്ധിച്ച പഠനങ്ങളും നടത്തിയത്. പരിപാടിയിൽ ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ബി. ഷാബി, കേന്ദ്ര ഭൂജല ബോർഡ് സയന്റിസ്റ് വി.കെ.വിജേഷ്,  മണ്ണ് സംരക്ഷണ വകുപ്പ്, ചെറുകിട ജലസേചന വകുപ്പ്, കേരള വാട്ടർ അതോറിറ്റി, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിത കേരളം  മിഷൻ, തദ്ദേശസ്വയംഭരണ വകുപ്പിലെ ബ്ലോക്ക് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Previous Post Next Post