കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കുന്ന പത്താമുദയം സമ്പൂര്‍ണ്ണ സെക്കന്‍ഡറി വിദ്യാഭ്യാസ പദ്ധതിയുടെ ഈ വര്‍ഷത്തെ വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.100 ശതമാനം വിജയം നേടിയ മാടായി, കൂത്തുപറമ്പ്, ഇരിക്കൂര്‍, ചാല പഠനകേന്ദ്രങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണവും 100 ശതമാനം വിജയം നേടിയ ചെങ്ങളായി ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരവും വിതരണം ചെയ്തു.
പ്രായം കൂടിയ പഠിതാക്കളായ ഗൗരി കൊടിയത്ത്, കെ ശാന്ത, രാധ അണിയേരി, പി ലീല, എം.പി ശ്യാമള, യു.സി നാരായണന്‍ എന്നിവരെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ പി രവിന്ദ്രന്‍ ആദരിച്ചു. ദമ്പതിമാരായ അനില്‍കുമാര്‍ - പി ധന്യ, മുഹമ്മദ് അഷ്‌റഫ്-സജീറ എം, മുഹമ്മദ് വി പി- നസ്മീന വി പി എന്നിവരെയും മറ്റ് വ്യത്യസ്തരായ പഠിതാക്കളെയും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി മോഹന്‍ ആദരിച്ചു. പത്താംതരം തുല്യത വിജയിച്ച ജനപ്രതിനിധികളായ പി റീന, സൈബുന്നിസ തയ്യില്‍, ടി.പി മാര്‍ഗരറ്റ് എന്നിവരെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ പ്രദീപന്‍ ആദരിച്ചു. ഓരോ പഠന കേന്ദ്രങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗ്രേഡ് നേടിയ പഠിതാക്കളെയും ഏറ്റവും കൂടുതല്‍ പഠിതാക്കളെ രജിസ്റ്റര്‍ ചെയ്ത പ്രേരകിനെയും ആദരിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന അധ്യക്ഷയായി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ രജനി മോഹന്‍, എ പ്രദീപന്‍, ബോബി എണ്ണച്ചേരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.വി മുകുന്ദന്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ടി.വി ശ്രീജന്‍ എന്നിവര്‍ പങ്കെടുത്തു
