KSRTC ക്ക് 73.50 കോടി രൂപ അനുവദിച്ചു ; രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് ആകെ നൽകിയത് 8,619 കോടി രൂപ


തിരുവനന്തപുരം :- കെ.എസ്.ആർ.ടി.സിയ്ക്ക് സർക്കാർ സഹായമായി 73.50 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനുള്ള പ്രതിമാസ തുകയാണ് ലഭ്യമാക്കിയത്. ഈ വർഷം ഇതിനകം 1,399 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയ്ക്ക് സർക്കാർ സഹായമായി ലഭിച്ചത്. പെൻഷൻ വിതരണത്തിന് 879 കോടി രൂപയും പ്രത്യേക സഹായമായി 520 കോടി രൂപയും ലഭിച്ചു. ഈ വർഷം ബജറ്റിൽ കോർപ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ഇതിനുപുറമെ 499 കോടി രൂപയാണ് അധികമായി കെ.എസ്.ആർ.ടി.സിയ്ക്ക് ലഭ്യമാക്കിയതെന്നും ധനമന്ത്രി അറിയിച്ചു.

രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് 8,619 കോടി രൂപയാണ് സർക്കാർ സഹായമായി കോർപ്പറേഷന് ലഭിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 5,002 കോടി രൂപയും. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ചേർന്ന് 13,621 കോടി രൂപയാണ് കോർപ്പറേഷന് സഹായമായി നൽകിയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അഞ്ചുവർഷത്തിൽ 1,467 കോടി രൂപ മാത്രമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

Previous Post Next Post