കണ്ണൂർ :- കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഇനി പുസ്തകവായനയും. കണ്ടക്ടർമാരും ഡ്രൈവർമാരും മെക്കാനിക്കും നേതൃത്വം നൽകുന്ന 'പുസ്തകക്കൂട് ആറ് ഡിപ്പോകളിൽ തുടങ്ങുന്നു. ബസ് കാത്തിരിക്കുമ്പോൾ പുസ്തകമെടുത്ത് വായിക്കാം. വായന കഴിഞ്ഞ് തിരികെ വെക്കാം. പദ്ധതിക്ക് കാസർഗോഡ്, കണ്ണൂർ, പയ്യന്നൂർ, ചേർത്തല, തൊടുപുഴ, പാറശ്ശാല ഡിപ്പോകളിൽ പരീക്ഷണാടിസ്ഥാനത്തിൽ അനുമതി ലഭിച്ചു. മന്ത്രിക്കും എം.ഡിക്കും നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ വായനത്തുടക്കം.
കേരളത്തിലുടനീളമുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മയാണ് വായനശാല. വായന യാത്രക്കാരിലേക്കുമെത്തിക്കുകയാണ് 'പുസ്ത കക്കൂടി'ന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. കാസർഗോഡ് ഡിപ്പോയിലാണ് വായശാല സാംസ്കാരിക കൂട്ടായ്മ എന്ന ആശയത്തിന്റെ തുടക്കം. ഓൺലൈനിൽ മാത്രമുണ്ടായ കുട്ടായ്മയിൽ ഇപ്പോൾ 281 അംഗങ്ങളുണ്ട്. പി.വി രതീശനാണ് ചീഫ് അഡ്‌മിൻ. കെ.എസ്.ആർ.ടി.സിയിലെ വായനക്കാരായ സ്ഥിരം യാത്രക്കാരും ഇതിന്റെ ഭാഗമാണ്. വായനയ്ക്കൊപ്പം കഥാചർച്ച, മാഗസിൻ ഇറക്കൽ ഉൾപ്പെടെ കൂട്ടായ്മ നടത്തുന്നുണ്ട്.
