തിരുവനന്തപുരം :- ഒറ്റത്തവണ പാസ്‌വേഡുമായി (ഒടിപി) ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പുകളിൽനിന്നും ഉപഭോക്താക്കളെ തത്സമയം സംരക്ഷിക്കുന്ന എഐ അധിഷ്ഠിത ഫ്രോഡ് അലെർട്ട് എയർടെൽ സംവിധാനം അവതരിപ്പിച്ചു. സ്പാമുകൾക്കെതിരെ ഭാരതി എയർടെൽ നടത്തുന്ന പോരാട്ടത്തിൻ്റെ ഭാഗമായിട്ടാണ് ഈ സംവിധാനം അവതരിപ്പിച്ചത്. നിലവിൽ ഈ സംവിധാനം ഹരിയാനയിൽ പ്രവർത്തിക്കുന്നുണ്ട്. എയർടെൽ അടുത്ത രണ്ടാഴ്ച്ച കൊണ്ട് 100% ഉപഭോക്താക്കളേയും ഈ സുരക്ഷാ സംവിധാനത്തിന്റെ പരിധിയിൽ കൊണ്ടുവരും.
സാധനങ്ങൾ ഡെലിവറി ചെയ്യുന്നത് പോലുള്ള ദൈനംദിന സേവനങ്ങൾക്കായുള്ള ഒടിപികളെ തട്ടിപ്പുകാർ ചൂഷണം ചെയ്യുകയും ഉപഭോക്താക്കളെ പറ്റിച്ച് ബാങ്ക് ഇടപാടിനുള്ള ഒടിപികൾ തട്ടിയെടുക്കുകയും അതിലൂടെ ഉപഭോക്താക്കളുടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതിന് തടയിടാൻ എയർടെല്ലിന്റെ സംവിധാനത്തിന് സാധിക്കും.
എയർടെല്ലിന്റെ പുതിയ എഐ അധിഷ്ഠിത സംവിധാനം ഒടിപി തട്ടിപ്പ് സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും. തട്ടിപ്പാകാൻ സാധ്യതയുള്ള ഇൻകമിങ് കോളിന് ഇടയിൽ ഒരു ബാങ്ക് ഒടിപി ഉപഭോക്താവിന്റെ ഫോണിലേക്ക് വരുന്നുവെന്ന് കണ്ടെത്തിയാൽ, എയർടെൽ തത്സമയം ഇടപെടുകയും ആ ഒടിപി ഉപയോഗിച്ചുള്ള ബാങ്ക് ഇടപാടിന് അനുമതി നൽകിയാലുള്ള അപകട സാധ്യതയെക്കുറിച്ച് ആ ഫോൺ സംഭാഷണത്തിന് ഇടയിൽ തന്നെ ഉപഭോക്താവിന് മുന്നറിയിപ്പ് നൽകുകയും ചെയ്യും. എഐ അധിഷ്ഠിത ഇൻ്റലിജൻസും മനുഷ്യരുടെ വിവേചനബുദ്ധിയും ചേർന്നുള്ള ശക്തമായ കൂട്ടുകെട്ട് ഉപഭോക്താക്കൾക്ക് ചിന്തിക്കാനും വെരിഫൈ ചെയ്യാനും അവരുടെ സുരക്ഷയുടെമേൽ നിയന്ത്രണം നൽകാനും ഉള്ള നിർണ്ണായകമായ സമയം നൽകുകയും ചെയ്യുന്നു. അതിലൂടെ തട്ടിപ്പുകാരുടെ ചൂഷണ സാധ്യതയെ ഇല്ലാതാക്കും.
'ഞങ്ങൾ എയർടെല്ലിനെ സുരക്ഷിതമായ നെറ്റുവർക്ക് ആക്കുകയെന്ന ദൗത്യത്തിലാണ്. ഒറ്റത്തവണ പാസ്‌വേഡുകൾ (ഒടിപികൾ) ഡിജിറ്റൽ ഇടപാടുകളെ സുരക്ഷിതമാക്കുകയെന്ന അടിസ്ഥാനപരമായ പങ്ക് വഹിക്കുമ്പോൾ തന്നെ അവയുടെ കാര്യക്ഷമത ക്രിമിനൽ തന്ത്രങ്ങളിലൂടെ പതിവായി അട്ടിമറിക്കപ്പെടുന്നു. അതിനാൽ, ഞങ്ങൾ ബാങ്കിങ് തട്ടിപ്പുകളിൽനിന്നുള്ള സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് രൂപകൽപന ചെയ്‌ത എയർടെല്ലിന്റെ അധുനിക നെറ്റുവർക്ക് ലെയർ അവതരിപ്പിക്കുന്നു, ' എയർടെൽ ഇന്ത്യയുടെ മാനേജിങ് ഡയറക്‌ടറും സിഇഒയുമായ ശാശ്വത് ശർമ്മ ഈ സംരംഭത്തെക്കുറിച്ച് പറഞ്ഞു.
