അമേരിക്ക കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, 10 ലക്ഷത്തിലേറെ സൈനികരെ യുദ്ധസജ്ജമാക്കിയതായി ഇറാൻ. അമേരിക്കയ്ക്ക് ഒരിക്കലും മറക്കാത്ത നാശം വിതയ്ക്കാൻ തങ്ങൾ ഒരുങ്ങിയതായാണ് ഇറാൻ അവകാശപ്പെടുന്നത്. ഇറാൻ വാർത്താ ഏജൻസിയായ തസ്നിം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹോർമുസ് കടലിടുക്ക് അടച്ചിട്ട ഇറാന്റെ സൈനികതന്ത്രം ലോകത്ത് എണ്ണ പ്രതിസന്ധി ഉയർത്തുകയും സാമ്പത്തിക രംഗത്ത് ഭീഷണി ഉയർത്തുകയും ചെയ്ത സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ ആലോചിക്കുകയാണ് ട്രംപ് ഭരണകൂടം. രണ്ട് സാധ്യതകളാണ് അവർ ആലോചിക്കുന്നത്. ഒന്ന്, സമാധാന ചർച്ചകൾ നടത്തി ഇറാനുമായി ഒത്തുതീർപ്പിലെത്തുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുക. രണ്ട്, കരയുദ്ധത്തിലൂടെ ഹോർമുസ് പിടിച്ചടക്കുകയും ഇറാന് നാശനഷ്ടമുണ്ടാക്കുകയും ചെയ്യുക.
ചർച്ചകൾക്കായി പാക്കിസ്താനെ മധ്യസ്ഥരാക്കി അമേരിക്ക ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 15 നിർദേശങ്ങൾ തയ്യാറാക്കി അമേരിക്ക ഇറാന് കൈമാറിയിട്ടുണ്ട്. എന്നാൽ ഇവയൊന്നും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി ഇറാൻ അവരുടേതായ ആവശ്യങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈജിപ്ത്, ടർക്കി എന്നീ രാജ്യങ്ങൾ വഴിയും ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ ഇറാൻ നടത്തുന്നുണ്ട്. ചർച്ചകൾക്കുള്ള വഴി ഒരുക്കുകയാണെന്ന സൂചന നൽകിയാണ് ട്രംപ് പത്ത് ദിവസം ഇന്ധന മേഖലയിൽ ആക്രമണം നിർത്തിയത്. എന്നാൽ, കരയുദ്ധത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിന് സമയം എടുക്കാനാണ് അമേരിക്ക താൽക്കാലികമായി ആക്രമണം നിർത്തിയത് എന്നാണ് ഇറാൻ്റെ പക്ഷം.
ചർച്ചകളെക്കുറിച്ച് ട്രംപ് പരസ്യമായി സംസാരിക്കുമ്പോഴും പശ്ചിമേഷ്യയിലേക്ക് കൂടുതൽ അമേരിക്കൻ സൈനികർ വന്നുകൊണ്ടിരിക്കുകയാണ്. കരയുദ്ധത്തിന് ഉപയോഗിക്കാവുന്ന ഏഴായിരം സൈനികരെയാണ് അമേരിക്ക ഇവിടെ വിന്യസിപ്പിക്കുന്നത്. നിലവിൽ മേഖലയിലെ വിവിധ താവളങ്ങളിലായി അരലക്ഷം യു എസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ട്. വിമാന വാഹിനി കപ്പലുകളും പോർവിമാനങ്ങളും യുദ്ധക്കപ്പലുകളും സർവ്വസജ്ജമായി നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിലെ ഖാർഗ് ദ്വീപ് പിടിച്ചടക്കി എണ്ണ സമ്പത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന് സമ്മർദ്ദമുണ്ടാക്കാനാണ് അമേരിക്കയുടെ പദ്ധതിയെന്നും വാർത്തകളുണ്ട്. ഈ വാർത്തകളുടെ പശ്ചാത്തലത്തിൽ ഇറാൻ ഖാർഗ് ദ്വീപിൽ കുഴിബോംബുകൾ വിന്യസിപ്പിക്കുകയും സൈനിക വിന്യാസം നടത്തുകയും ചെയ്തിരുന്നു. അതോടൊപ്പം ഹോർമുസ് കടലിലിടുക്ക് പിടിച്ചടക്കുമെന്ന ഭീഷണി നേരിടാനും ഇറാൻ കര, നാവിക സേനകളെ സജ്ജമാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു.
അതിനിടെയാണ് കരയുദ്ധത്തെ ചെറുക്കാൻ ഇറാൻ പത്ത് ലക്ഷത്തിലേറെ സൈനികരെയും സന്നദ്ധ പ്രവർത്തകരെയും സജ്ജമാക്കുന്നതായി ഇറാൻ വാർത്താ ഏജൻസി വ്യക്തമാക്കിയത്. യുദ്ധസന്നദ്ധരായി വലിയ തോതിൽ ആളുകൾ ഇറാൻ ഭരണകൂടത്തെ സമീപിക്കുന്നതായും റിപ്പോർട്ട് പറയുന്നു. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സിൽ ചേരാൻ ആയിരക്കണക്കിന് യുവാക്കൾ അപേക്ഷ നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. അതിർത്തിയിലെ ശത്രുക്കളുടെ എല്ലാ ചലനങ്ങളും തങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ ഇറാൻ സജ്ജമാണെന്നും ഇറാനിയൻ ഗ്രൗണ്ട് ഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ അലി ജഹാൻഷാഹി ഇറാൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കരയുദ്ധത്തിനറങ്ങിയാൽ ശത്രു വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
