നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (MCMC) മുൻകൂർ അനുമതി നിർബന്ധമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ നടപടി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്‌ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ മെമ്പർ സെക്രട്ടറിയുമായ കമ്മിറ്റി സെല്ലിലാണ് പരസ്യങ്ങളുടെ അനുമതിക്കായി അപേക്ഷ സമർപ്പിക്കേണ്ടത്.
നിരീക്ഷണത്തിലാകുന്ന മാധ്യമങ്ങൾ
ടെലിവിഷൻ ചാനലുകൾ, പ്രാദേശിക കേബിൾ നെറ്റ‌്വർക്കുകൾ, റേഡിയോ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ മാധ്യമങ്ങൾ, സിനിമ തിയേറ്ററുകൾ എന്നിവ സമിതിയുടെ കർശന നിരീക്ഷണത്തിലായിരിക്കും. കൂടാതെ ബൾക്ക് എസ്.എം.എസ്, വോയ്‌സ് മെസേജുകൾ, പൊതുസ്ഥലങ്ങളിലെ ഓഡിയോ-വിഷ്വൽ ഡിസ്പ്ലേകൾ എന്നിവയ്ക്കും മുൻകൂർ അനുമതി ആവശ്യമാണ്.
അംഗീകാരമില്ലാത്ത പരസ്യങ്ങൾ, പെയ്‌ഡ് ന്യൂസ് എന്നിവ ശ്രദ്ധയിൽപ്പെട്ടാലോ എംസിഎംസി നിരീക്ഷണ സെൽ അത് എംസിഎംസി കമ്മിറ്റിക്കും ചെലവ് നിരീക്ഷണ വിഭാഗത്തിനും റിപ്പോർട്ട് ചെയ്യും. ഇത്തരം പരസ്യങ്ങളുടെ ചെലവ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തുകയും നിയമലംഘനമുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.
അപേക്ഷിക്കേണ്ട വിധം
പരസ്യങ്ങൾ നൽകുന്നതിന് നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
രാഷ്ട്രീയ പാർട്ടികൾ/സ്ഥാനാർത്ഥികൾ: പരസ്യം നൽകുന്നതിന് കുറഞ്ഞത് 3 ദിവസം മുൻപ് അപേക്ഷിക്കണം.
മറ്റ് സംഘടനകൾ: പരസ്യത്തിന് 7 ദിവസം മുൻപ് അപേക്ഷ നൽകണം.
പത്രപ്പരസ്യങ്ങൾ : വോട്ടെടുപ്പ് ദിവസവും തലേന്നും പത്രങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്ക് 2 ദിവസം മുൻപ് അനുമതി വാങ്ങണം. അപേക്ഷയോടൊപ്പം പരസ്യ ഉള്ളടക്കത്തിൻ്റെ രണ്ട് ഡിജിറ്റൽ പകർപ്പുകളും (പെൻഡ്രൈവ്/സിഡി) സ്വയം സാക്ഷ്യപ്പെടുത്തിയ സ്ക്രിപ്റ്റും സമർപ്പിക്കേണ്ടതുണ്ട്. പരസ്യം
നിർമ്മിക്കാനും പ്രദർശിപ്പിക്കാനുമുള്ള ഏകദേശ ചെലവ് ഇതിൽ കൃത്യമായി രേഖപ്പെടുത്തണം.
പരസ്യം നൽകുന്നത് സ്ഥാനാർഥികളോ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോ ആണെങ്കിൽ ടെലികാസ്റ്റ് ചെയ്യുന്നതിന് കുറഞ്ഞത് മൂന്നുദിവസം മുമ്പ് അപേക്ഷ സമർപ്പിക്കണം. പരസ്യം നൽകുന്നത് മറ്റ് സംഘടനകളാണെങ്കിൽ ടെലികാസ്റ്റിന് ഏഴുദിവസം മുൻപ് സമർപ്പിക്കണം. അപേക്ഷയിൽ പരസ്യം നിർമിക്കാനുള്ള ചെലവ്, അത് പ്രസിദ്ധീകരിക്കാനോ പ്രക്ഷേപണം
ചെയ്യാനോ സംപ്രേഷണം ചെയ്യാനോ ഉദ്ദേശിക്കുന്ന സമയം, അതിന് വേണ്ടിവരുന്ന ചെലവ്, ഏതെങ്കിലും സ്ഥാനാർഥിക്കു വേണ്ടിയുള്ളതാണോ പാർട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണം. സ്ഥാനാർഥിയോ പാർട്ടി പ്രതിനിധിയോ അല്ലാത്ത വ്യക്തിയാണ് പരസ്യം നൽകുന്നതെങ്കിൽ ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള ആ വ്യക്തിയുടെ സത്യവാങ്മൂലം സമർപ്പിക്കണം.
