വാഷിങ്ടൺ :- സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 28 ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ അമേരിക്കൻ സൈന്യത്തിലെ 300 ലേറെ സൈനികർക്ക് പരിക്കേറ്റതായാണ് വിവരം. എന്നാൽ പരിക്കേറ്റവരിൽ 273 പേർ തിരികെ ജോലിയിൽ പ്രവേശിച്ചതായാണ് അമേരിക്ക വ്യക്തമാക്കുന്നത്. അതേസമയം 13 യുഎസ് സൈനികർ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം ഇറാനെതിരായ സൈനിക നീക്കങ്ങൾ ആഴ്‌ചകൾക്കുള്ളിൽ അവസാനിക്കുമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് പ്രസ്താവിച്ചത്. യുദ്ധം ഇനി മാസങ്ങളോളം നീളില്ലെന്നും അവർ വ്യക്തമാക്കി. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഈ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് യുദ്ധം ആഴ്‌ചകൾക്കുള്ളിൽ അവസാനിക്കുമെന്ന പ്രസ്‌താവന. അതേസമയം ഇറാന്റെ മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാനാണ് ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന വിചിത്ര വാദവുമായി ഇസ്രായേലും രംഗത്തെത്തിയിട്ടുണ്ട്.
