ഇന്ത്യയിലേക്കുള്ള പാചകവാതക ഇറക്കുമതി 90 ശതമാനവും മുടങ്ങി


ന്യൂഡൽഹി :- പാചകവാതക ലഭ്യതയുടെ പ്രതിസന്ധി പരിഹരിക്കാൻ തടസ്സങ്ങളേറെ. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഇറക്കുമതിയുടെ 90 ശതമാനവും മുടങ്ങിയതാണ് കേന്ദ്ര സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി. ആവശ്യമായ എൽപിജിയുടെ 62 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതിൻ്റെ 90 ശതമാനവും വരുന്നത് ഹോർ മുസ് കടലിടുക്ക് വഴിയാണ്. ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളെയാണ് ഇതിനായി ഇന്ത്യ ആശ്രയിക്കുന്നത്. റഷ്യയിൽ നിന്ന് എൽഎൻജിവാങ്ങാൻ ഗെയിലിന് ദീർഘകാല കരാറുണ്ടെങ്കിലും യുഎസുമായുള്ള വ്യാപാരക്കരാറിനെത്തുടർന്ന് അളവ് കുറച്ചിരുന്നു.

യുദ്ധം തുടങ്ങിയതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ പ്രതിസന്ധി മുന്നിൽക്കണ്ട് കേന്ദ്ര സർക്കാർ നടപടികളെടുത്തെങ്കിലും സംഘർഷം നീണ്ടതോടെ കാര്യങ്ങൾ കൈവിട്ടുപോയി. മറ്റു വഴികളിലുടെ ആവശ്യത്തിനനുസരിച്ച് എൽഎൻജി എത്തിക്കാൻ കഴിഞ്ഞില്ല. വ്യവസായങ്ങൾക്ക് എൽഎൻജി നൽകുന്നതു നിർത്തിയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകൾ നൽകുന്നത് വെട്ടിക്കുറച്ചും എൽപിജി, പിഎൻജി, സിഎൻജി എന്നിവയുടെ ലഭ്യത ഉറ പ്പാക്കാനാണ് നീക്കം. 

ഉൽപാദനം കൂട്ടാൻ റിഫൈനറികൾക്കു നിർദേശം നൽകിയതിനെത്തുടർന്ന് എൽപിജി ഉൽപാദനം 28 ശതമാനം കൂട്ടാൻ കഴിഞ്ഞുവെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. വൈദ്യുതോൽപാദനം, വ്യവസായശാലകൾ, വളം നിർമാണം തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഇന്ത്യ എൽഎൻജി ഉപയോഗിക്കുന്നുണ്ട്. വ്യവസായ ആവശ്യത്തിന് എൽഎൻജി നൽകുന്നത് നിർത്തിയതോടെ ഈ മേഖലകളും പ്രതിസന്ധിയിലാണ്. ശുദ്ധീകരണശാലകളോട് പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ, പ്രൊപ്പിലിൻ, ബ്യൂട്ടീൻ തുടങ്ങിയവ എൽപിജി ഉൽപാദനത്തിനു മാത്രമേ ഉപയോഗിക്കാവു എന്നു കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.

റഷ്യയിൽ നിന്നു ഹോർമുസ് കടലിടുക്കിനു പകരം ഗുഡ്ഹോപ് മുനമ്പ് വഴിയും എൽഎൻജി  കൊണ്ടുവരാൻ ഇന്ത്യൻ കമ്പനികൾ ധാരണയിലെത്തിയിട്ടുണ്ട്. എൽഎൻജിയുമായി രണ്ടു കപ്പലുകൾ അടുത്ത ദിവസം ഇന്ത്യയിലെത്തും. എന്നാൽ ഹോർമുസ് വഴിയുള്ള കുറവ് നികത്താൻ ഇതു മതിയാകില്ല. ഇറാന്റെ ഡ്രോൺ വീണതിനു പിന്നാലെ ഖത്തർ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉൽപാദനം നിർത്തിയതും ആശങ്കയുയർത്തുന്നു. യുദ്ധം അവസാനിച്ച് ഹോർമുസ് കടലിടുക്ക് തുറന്നാലും പ്രകൃതിവാതക ലഭ്യത പഴയ തോതിലാകാൻ പിന്നെയും മാസങ്ങൾ വേണ്ടിവരുന്ന സ്‌ഥിതിയാണ്.

Previous Post Next Post