യുദ്ധത്തെത്തുടർന്ന് നിലച്ച കണ്ണൂർ - ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നും നാളെയും പ്രത്യേക സർവീസ് നടത്തും


മട്ടന്നൂർ :- യുദ്ധത്തെത്തുടർന്ന് നിലച്ച കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നും നാളെയും പ്രത്യേക സർവീസ് നടത്തും. 2 ദിവസത്തേക്കാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 13 ദിവസത്തിനുശേഷമാണു സർവീസ് നടത്തുന്നത്. നേരത്തേ പ്രതിദിന സർവീസായിരുന്നു ഇത്.

രാത്രി 9.30 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശികസമയം 12.05 ഷാർജയിൽ എത്തിച്ചേരുന്ന തരത്തിലാണ് സമയക്രമം. 14നും 15നുമാണ് തിരിച്ച് ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ്. പ്രാദേശിക സമയം വെളുപ്പിന് 3ന് ഷാർജയിൽനിന്ന് പുറപ്പെട്ട് രാവിലെ 6.50ന് കണ്ണൂരിലെത്തും. 2 ദിവസത്തിനുശേഷവും സർവീസ് തുടരാൻ സാധ്യതയുണ്ട്. രാജ്യാന്തര റൂട്ടിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള റൂട്ടാണിത്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കത്ത് സർവീസ് മാത്രമാണ് കണ്ണൂരിൽ നിന്നു രാജ്യാന്തര റൂട്ടിലുള്ളത്.

കുവൈത്ത് സർവീസ് 31 മുതൽ

ഇൻഡിഗോ എയർലൈൻസിന്റെ കുവൈത്ത് സർവീസ് 31ന് പുനരാരംഭിക്കും. ആഴ്ചയിൽ 3 ദിവസമായിരിക്കും സർവീസ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 5.25ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 8.30 ന് കുവൈത്തിലെത്തും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് തിരിച്ചുള്ള സർവീസ്. പ്രാദേശിക സമയം രാത്രി 9.30ന് കുവൈത്തിൽ നിന്ന് പുറപ്പെട്ട് വെളുപ്പിന് 4.55ന് കണ്ണൂരിലെത്തും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

Previous Post Next Post