'സൈബർ യുദ്ധം'! രാജ്യം യുദ്ധം ജയിച്ച് കൊണ്ടിരിക്കുന്നു, ആഗോള സമ്പദ്‌വ്യവസ്ഥയെ മുട്ടുകുത്തിച്ചെന്നും അവകാശവാദവുമായി ഇറാനിലെ ജനങ്ങളുടെ ഫോണിലേക്ക് മെസേജ്


വാഷിംഗ്ടൺ :- പശ്ചിമേഷ്യയിൽ രക്തരൂക്ഷിതമായ പോരാട്ടം തുടരുമ്പോഴും, അതിനേക്കാൾ തീവ്രമായ സൈബർ യുദ്ധത്തിലാണ് ഇറാനും അമേരിക്കയും. രണ്ടാഴ്ചയായി ഇന്‍റർനെറ്റ് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ട ഇറാനിൽ, ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് റെവല്യൂഷണറി ഗാർഡുകൾ (IRGC) അയക്കുന്ന സന്ദേശങ്ങൾ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇറാൻ യുദ്ധത്തിൽ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും അമേരിക്കൻ താവളങ്ങൾ നിശ്ചലമായെന്നും അവകാശപ്പെടുന്ന സന്ദേശങ്ങളാണ് ജനങ്ങൾക്ക് ലഭിക്കുന്നത്.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്തതിലൂടെ ആഗോള സമ്പദ്‌വ്യവസ്ഥയെ ഇറാൻ മുട്ടുകുത്തിച്ചുവെന്നാണ് ഭരണകൂടത്തിന്‍റെ അവകാശവാദം. വാർത്താ വിനിമയ സംവിധാനങ്ങൾ തടസപ്പെട്ടതോടെ പുറംലോകത്തെ വിവരങ്ങൾ അറിയാൻ കഴിയാത്ത ഇറാനികൾക്കിടയിൽ കടുത്ത ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. 'ഉത്തരകൊറിയയിലേതുപോലെ സർക്കാർ നൽകുന്ന വാർത്തകൾ മാത്രം വിശ്വസിക്കേണ്ടി വരുന്ന അവസ്ഥയാണിതെന്ന്' ഇറാനിലെ സാധാരണക്കാർ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിക്കുന്നുണ്ട്. സത്യാവസ്ഥ മറച്ചുവെച്ച് ജനങ്ങൾക്കിടയിൽ യുദ്ധവിജയം കൃത്രിമമായി നിർമ്മിച്ചെടുക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

അമേരിക്കയും ഒട്ടും പിന്നിലല്ല

മറുഭാഗത്ത്, അമേരിക്കയും ഒട്ടും പിന്നിലല്ല. പെന്‍റഗണും ട്രംപ് ഭരണകൂടവും പുറത്തുവിടുന്ന യുദ്ധദൃശ്യങ്ങൾ പ്രശസ്തമായ 'കോൾ ഓഫ് ഡ്യൂട്ടി', 'ജിടിഎ' തുടങ്ങിയ വീഡിയോ ഗെയിമുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണെന്ന് വിമർശനമുയർന്നിട്ടുണ്ട്. യുഎസ് സൈനിക ശക്തിയെ അതിശയോക്തിയോടെ ചിത്രീകരിക്കുന്ന ഈ വീഡിയോകളിൽ ഇറാന്‍റെ ഭാഗത്തുണ്ടായ ആൾനാശത്തെക്കുറിച്ച് മൗനം പാലിക്കുന്നു. യുദ്ധത്തെ ഒരു ആഘോഷമായി ചിത്രീകരിക്കുന്നതിലൂടെ ആഭ്യന്തര പിന്തുണ ഉറപ്പാക്കാനാണ് വാഷിംഗ്ടൺ ലക്ഷ്യമിടുന്നത്.

Previous Post Next Post