ആശുപത്രിയിൽ രോഗിക്ക് മരുന്നുമാറി കുത്തിവെച്ച സംഭവം ; നേഴ്സിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു


ശാസ്താംകോട്ട :- ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ രോഗിക്ക് മരുന്നുമാറി കുത്തിവെച്ച സംഭവത്തിൽ എച്ച്.എം.സി വഴി താത്കാലികമായി നിയമിച്ച നഴ്‌സിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. തിങ്കളാഴ്ച ശ്വാസ തടസ്സവുമായി വന്ന പതിനെട്ടുകാരിക്കാണ് പേവിഷത്തിനു നൽകുന്ന മരുന്നിന്റെ ടെസ്റ്റ് ഡോസ് കുത്തിവെച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡി.എം.ഒ നിയമിച്ച ഉദ്യോഗസ്ഥരും ആശുപത്രി സൂപ്രണ്ട് നിയോഗിച്ച ആഭ്യന്തര അന്വേഷണസമിതിയും നൽകിയ റിപ്പോർട്ടിലാണ് നടപടി. കുത്തിവെപ്പിനു വിധേയയായ ശാസ്താംട്ട വേങ്ങ സ്വദേശിയായ യുവതിയിൽ നിന്നും സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്നും മൊഴിയെടുത്തശേഷമാണ് നടപടി.

ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക നഴ്‌സിൻ്റെ പിഴവും ശ്രദ്ധക്കുറവുമാണ് പ്രശ്നത്തിനു കാരണമെന്ന് കണ്ടെത്തിയിരുന്നു. ഡോക്ടർ പരിശോധിച്ചശേഷം കുത്തിവെപ്പെടുക്കാൻ മുറിയിലെത്തിയ യുവതിക്ക് നായയുടെ കടിയേറ്റയാൾക്കു വേണ്ടി സിറിഞ്ചിൽ നിറച്ചുവെച്ച വാക്സിൻ ടെസ്റ്റ് ഡോസ് കുത്തിവയ്ക്കുകയായിരുന്നു.

Previous Post Next Post