മട്ടന്നൂർ :- യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസ് വൈകാൻ സാധ്യത. മാർച്ച് 29 മുതലാണ് സമ്മർ ഷെഡ്യൂൾ നിലവിൽ വരുന്നത്. ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചെങ്കിലും സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് വ്യക്‌തതയായില്ല. നിലവിൽ 28 വരെ കണ്ണൂരിൽ നിന്നുള്ള രാജ്യാന്തര റൂട്ടിലെ എല്ലാ സർവീസും റദ്ദാക്കിയിരിക്കുകയാണ്. യുദ്ധത്തിനുശേഷം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നടത്തിയിരുന്ന ഏക രാജ്യാന്തര സർവീസായ എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-മസ്കത്ത് വിമാന സർവീസ് 2 ദിവസം മുൻപാണ് നിർത്തിയത്. സമ്മർ ഷെഡ്യൂളിൽ എല്ലാ സർവ്വീസുകളും വീണ്ടും ആരംഭിക്കുമെന്ന് കിയാൽ അധികൃതർ അറിയിച്ചിട്ടുണ്ട്.
12 രാജ്യാന്തര സർവീസും 9 ആഭ്യന്തര സർവീസും സമ്മർ ഷെഡ്യൂളിൽ കണ്ണൂരിൽ ഉണ്ടാകും. ഇൻഡിഗോയും എയർ ഇന്ത്യ എക്‌സ്പ്രസും നിലവിലുള്ള എല്ലാ സർവീസുകളും തുടരും. ആഭ്യന്തര റൂട്ടിൽ ഇൻഡിഗോ കൂടുതൽ സർവീസ് നടത്തും. നവി മുംബൈ റൂട്ടിൽ ഇൻഡിഗോ പുതിയ സർവീസ് നടത്തും. ഇൻഡിഗോ നിലവിലുള്ള 4 രാജ്യാന്തര സർവീസിന് പുറമേ കുവൈത്ത് റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കും. ഡൽഹി, ബെംഗളൂരു വിമാനത്താവളം വഴി 13 ആഭ്യന്തര വിമാനത്താവളത്തിലേക്ക് ഇൻഡിഗോ കണക്‌ഷൻ സർവീസ് നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് വിൻ്റർ ഷെഡ്യൂളിൽ താൽക്കാലികമായി നിർത്തിയ കുവൈത്ത്, ജിദ്ദ, ബഹ്റൈൻ തുടങ്ങിയ സർവീസുകൾ വീണ്ടും ആരംഭിക്കും.
