കണ്ണൂർ :- കിടപ്പുരോഗികൾക്ക് ആസ്പത്രിയിൽ പോകാനും മറ്റുമായി വീടിന് മുൻവശം തരിശായിക്കിടക്കുന്ന ജലസേചന വകുപ്പിന്റെ ഭൂമിയിലൂടെ വാഹനങ്ങൾ പോകാൻ വഴി അനുവദിക്കണമെന്ന ആവശ്യത്തിൽ കളക്ടർ നടപടി ത്വരപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ (തലശ്ശേരി) കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരിയുടെ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടതായി ഉത്തരവിൽ പറഞ്ഞു. എന്നാൽ സാങ്കേതിക നടപടികളിലെ സങ്കീർണത കാരണം പരാതി പരിഹരിക്കാൻ കാലതാമസമുണ്ടായിട്ടുണ്ട്. ഈ സാചര്യത്തിലാണ് കളക്ടറുടെ ഇടപെടൽ കമ്മിഷൻ ആവശ്യപ്പെട്ടത്. നാറാത്ത് സ്വദേശി കല്ലേൻ ദേവി സമർപ്പിച്ച പരാതിയിലാണ് നടപടി.
1950 ലാണ് പരാതിക്കാരിയുടെ വീടിന് മുന്നിലൂടെയുള്ള സ്ഥലം ഏറ്റെടുത്തതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. സ്വകാര്യ ഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് സർക്കാർ ഭൂമിയല്ലാതെ മറ്റ് വഴികളില്ലെന്ന് റവന്യൂ വകുപ്പ് സാക്ഷ്യപ്പെടുത്തിയാൽ മുൻ കാലങ്ങളിൽ വഴി നിർമിക്കുന്നതിന് ജലസേചന വകുപ്പ് അനുമതി നൽകിയിരുന്നു. എന്നാൽ പിന്നീട് ഇത്തരം അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്ന് ജലവിഭവ വകുപ്പ് തീരുമാനിച്ചു. തുടർന്ന് പരാതിക്കാരി മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ മന്ത്രിക്കും നൽകിയ അപേക്ഷകളിൽ ഉചിതമായ നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകി.
പരാതിക്കാരിയുടെ വീട് ജല സേചന വകുപ്പിന്റെ ഭൂമിയിൽ നിന്ന് 25 മീറ്റർ മാറിയാണ് സ്ഥിതിചെയ്യുന്നത്. പരാതിക്കാരിക്ക് പ്രധാന റോഡിലേക്ക് പ്രവേശിക്കാൻ ആ വഴി മാത്രമാണ് മാർഗം. പ്രസ്തുത ഭൂമി അളന്നു തിരിച്ച് അതിർത്തിക്കല്ലുകൾ ഇട്ടിട്ടില്ല. ഭൂമിയിൽ സർവേ നടത്താൻ റവന്യൂ വകുപ്പുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. സർവേ പൂർത്തിയാക്കി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചാൽ മാത്രമേ പരാതിയിൽ പരിഹാരം കാണാനാവുകയുള്ളൂവെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
