ന്യൂഡൽഹി :- ശരീരഭാരം കുറയ്ക്കാൻ ഉപയോഗിക്കുന്ന ഗ്ലൂക്കഗോൺ ലൈക്ക് പെപ്റ്റൈഡ്-1 (ജിഎൽപി-1) മരുന്നുകളുടെ വിൽപനയ്ക്കും സമൂഹമാധ്യമങ്ങളിലൂടെ അടക്കമുള്ള പ്രചാരണങ്ങൾക്കും നിയന്ത്രണം വരുന്നു. കുറിപ്പടിയോടെ മാത്രം വാങ്ങാനാകുന്ന ഇത്തരം മരുന്നുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നെന്ന ഡ്രഗ്‌സ് കൺട്രോളർ ഓഫ് ഇന്ത്യയുടെ കണ്ടെത്തലിനെത്തുടർന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ നീക്കം.
രക്തത്തിലെ പഞ്ചസാരയുടെ അളവ്, വിശപ്പ്, ദഹനം എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണാണ് ജിഎൽപി-1. ശരീരം ഉൽപാദിപ്പിക്കുന്ന ജി എൽപി-1-നു സമാനമായതു കൃത്രിമമായി നിർമിച്ചാണ് മരുന്നായി ഉപയോഗിക്കുന്നത്. ഈ മരു ന്നുകൾ ശരീരഭാരം കുറയ്ക്കുന്നതിലൂടെ, ടൈപ്പ്-2 പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കും. എന്നാൽ, ഈ രോഗങ്ങളില്ലാത്തവർ കഴിച്ചാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
