പയ്യന്നൂർ :- പയ്യന്നൂരിൽ വൻ ലഹരിമരുന്ന് വേട്ട. മാരക ലഹരിമരുന്നായ എം.ഡി.എം.എയും (MDMA) ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്നുപേരെ പോലീസ് പിടികൂടി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ രാത്രികാല പരിശോധനയിലാണ് പ്രതികൾ വലയിലായത്. ചാലാട് സ്വദേശി നാദീർ നൂറുദ്ദീൻ (42), നാദീറിൻ്റെ ഭാര്യ ഐന (33), കണ്ണൂർ നടാൽ സ്വദേശി ഷാനിദ്.കെ (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂർ എടാട്ട് കണ്ണങ്ങാട്ട് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് ഇവരെ പോലീസ് തടഞ്ഞത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ നടത്തിയ പരിശോധനയിൽ 41.140 ഗ്രാം എം.ഡി.എം.എയും 241 മില്ലി ഹാഷിഷ് ഓയിലും കണ്ടെടുത്തു. കാറിൻ്റെ ഡിക്കിയിൽ ഒരു ബിഗ് ഷോപ്പറിനുള്ളിൽ ബാഗിൽ പൊതിഞ്ഞു വെച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് വിൽപനയ്ക്കായി കൊണ്ടുവരികയായിരുന്നു.
പോലീസിനെ വെട്ടിക്കാൻ നിയമവിരുദ്ധമായ രീതിയിൽ മോഡിഫൈ ചെയ്ത കാറിലായിരുന്നു ലഹരി മരുന്ന് കടത്ത്. കണ്ണൂർ റൂറൽ എസ്.പിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ (DANSAF) സഹായത്തോടെ പയ്യന്നൂർ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ഇവരെ കോടതിയിൽ ഹാജരാക്കും. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് പോലീസിൻ്റെ തീരുമാനം.
