ദില്ലി :- യുദ്ധവും ആഭ്യന്തര വിപണിയിലെ ഊര്‍ജ്ജ പ്രതിസന്ധിയും ഇന്ത്യയിലെ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. സിറിഞ്ചുകള്‍, ഐവി ബാഗുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് അത്യാവശ്യമായ പോളിപ്രൊപ്പിലീന്‍ എന്ന അസംസ്‌കൃത വസ്തുവിന് കിലോയ്ക്ക് 55 രൂപയിലധികമാണ് ഡിസംബര്‍ മുതല്‍ വര്‍ദ്ധിച്ചത്. കോവിഡ് കാലത്തുണ്ടായതിനേക്കാള്‍ വലിയ വിലക്കയറ്റമാണിതെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തിന് പിന്നാലെ ഇന്ധന ലഭ്യതക്കുറവ് കൂടിയായതോടെ വ്യവസായം ഇരട്ടി പ്രഹരമാണ് നേരിടുന്നത്. മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ മേഖലയിലെ 90 ശതമാനവും ചെറുകിട-ഇടത്തരം സംരംഭങ്ങളാണ് എന്നതിനാല്‍ നിലവിലെ സാഹചര്യം ഈ മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണ്.
ഇരുട്ടടിയായി ഗ്യാസ് റേഷനിങ്
അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനവിന് പുറമെ, അദാനി ടോട്ടല്‍ ഗ്യാസ് ഇന്ധന വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും പ്രതിസന്ധി രൂക്ഷമാക്കി. കരാര്‍ പ്രകാരം നല്‍കേണ്ട ഇന്ധനത്തിന്റെ 40 ശതമാനം മാത്രമേ ഇപ്പോള്‍ നല്‍കുന്നുള്ളൂ. മിഡില്‍ ഈസ്റ്റിലെ അസ്ഥിരത കാരണം വിദേശ വിതരണക്കാര്‍ ഇന്ധന ലഭ്യത കുറച്ചതാണ് അദാനി ഗ്യാസിനെയും നിയന്ത്രണങ്ങളിലേക്ക് നയിച്ചത്. വീടുകള്‍ക്കും പൊതുഗതാഗതത്തിനും മുന്‍ഗണന നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് വ്യവസായ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
ഇറക്കുമതി ഭീഷണിയാവുന്നു
ഇന്ത്യയുടെ മെഡിക്കല്‍ ഉപകരണ ആവശ്യങ്ങളില്‍ 70 മുതല്‍ 80 ശതമാനം വരെ ഇപ്പോഴും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അത്യാധുനിക ഉപകരണങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കുമായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഇത്തരം ആഗോള പ്രതിസന്ധികളില്‍ ഇന്ത്യയെ തളര്‍ത്തുന്നു. മിഡില്‍ ഈസ്റ്റ് വഴിയുള്ള കപ്പല്‍ ഗതാഗത തടസ്സവും ചരക്കുകൂലി വര്‍ദ്ധനവും കാരണം വിദേശത്തുനിന്നുള്ള ഉപകരണങ്ങള്‍ എത്തുന്നതിനും കാലതാമസം നേരിടുന്നുണ്ട്. ഇന്ത്യയില്‍ പ്രധാനമായും ഡിസ്‌പോസിബിള്‍ സാധനങ്ങളാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ വലിയ മെഡിക്കല്‍ മെഷീനുകള്‍ക്കായി ഇപ്പോഴും വിദേശ വിപണികളെത്തന്നെ ആശ്രയിക്കണം
