കണ്ണൂർ :- തീവണ്ടികളിൽ ചവിട്ടുപടിയിൽ നിന്ന് യാത്രചെയ്യുന്നതും വാതിൽക്കൽ ഇരുന്ന് യാത്രചെയ്യുന്നതും തടയാൻ ആർ.പി.എഫ് കർശന നടപടി ആരംഭിച്ചു. പാലക്കാട് റെയിൽവേ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ നവീൻ പ്രശാന്തിന്റെ നിർദേശമനുസരിച്ച്, എല്ലാ സ്റ്റേഷനുകളിലും പ്രത്യേക പരിശോധന ശക്തമാക്കുകയും ഫുട്‌ബോർഡിൽ യാത്രചെയ്യുന്നവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.
ഇന്ത്യൻ റെയിൽവേനിയമം സെക്ഷൻ 156 പ്രകാരം ഇത്തരം പ്രവൃത്തികൾ ശിക്ഷാർഹമായ കുറ്റമാണ്. ഈ വർഷം മാത്രം 20-ഓളം പേർ ഫുട്ബോർഡ് യാത്രയ്ക്കിടെ ഉണ്ടായ അപകടങ്ങളിൽ മരിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. സ്റ്റേഷൻ വിട്ട ഉടൻ തീവണ്ടിയുടെ വേഗം കൂടുന്നത് അപകടസാധ്യത ഉയർത്തുന്നതായി തലശ്ശേരി ആർ.പി.എഫ് ഉദ്യോഗസ്ഥൻ കെ.വി മനോജ് കുമാർ അറിയിച്ചു.
