കോയമ്പത്തൂർ :- തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം. നൗഷാദ് അലിയുടെ ആരോഗ്യനില വഷളായിട്ടും ഡോക്‌ടർമാർ എത്താൻ വൈകിയതാണ് മരണം സംഭവിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസമാണ് മലയാളികൾ സഞ്ചരിച്ചിരുന്ന വാഹനം വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ മറ്റു മൂന്ന് പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കോയമ്പത്തൂർ മെഡിക്കൽ കോളേജിലുള്ള മുഹമ്മദ് ഫായിസിൻ്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. കോയമ്പത്തൂരിൽ തന്നെയുള്ള സഹദിൻ മുഹമ്മദിന്റെ നിലയിൽ നേരിയ പുരോഗതിയുള്ളതിനാൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്റ് എൽപി സ്കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വെള്ളിയാഴ്ച വൈകുന്നേരം 5.20ന് ആണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്‌യിലേക്ക് മറിഞ്ഞത്. കാഴ്ചകൾ കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്. നാലുപേർക്കാണ് പരിക്കേറ്റത്.
