കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂൾ 147-ാം വാർഷികാഘോഷവും അധ്യാപികയ്ക്കുള്ള സ്നേഹയാത്രയയപ്പും സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :-കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂൾ 147-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. 36 വർഷത്തെ സേവനത്തിന് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങുന്ന പ്രധാനാധ്യാപിക ഇ.ജെ സുനിത ടീച്ചർക്ക് നാടും വിദ്യാലയവും ചേർന്ന് വൈകാരികമായ യാത്രായയപ്പും നൽകി. വാർഷികാഘോഷ പരിപാടികൾ പ്രശസ്ത ശില്പിയും കേരള ലളിതകലാ അക്കാദമി നിർവാഹകസമിതി അംഗവുമായ ഉണ്ണി കാനായി ഉദ്ഘാടനം ചെയ്തു. കലയും വിദ്യാഭ്യാസവും സമന്വയിക്കേണ്ടതിന്റെ പ്രാധാന്യവും, ഒരു ദേശത്തിന്റെ വളർച്ചയിൽ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്കും ഓർമ്മിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ഇ.അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

മൂന്നര പതിറ്റാണ്ടിലേറെക്കാലം ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ പ്രിയപ്പെട്ട സുനിത ടീച്ചർക്ക് വിദ്യാലയവും നാട്ടുകാരും സ്നേഹാദരങ്ങൾ അർപ്പിച്ചു. യാത്രായയപ്പ് സമ്മേളനത്തിൽ ഉണ്ണി കാനായി ഉപഹാര സമർപ്പണം നടത്തി. സ്റ്റാഫ് സെക്രട്ടറി എ.ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. ഉഷ.പി (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), എ.പുരുഷോത്തമൻ (വാർഡ് മെമ്പർ), എൻ.ശ്രീകുമാർ (മാനേജർ), ലിജി.പി, വി.വി രമ്യ, കെ.ഹംസ എന്നിവർ ആശംസകളർപ്പിച്ചു. യാത്രയയപ്പിന് മറുമൊഴിയായി സുനിത ടീച്ചർ നടത്തിയ പ്രസംഗം സദസ്സിന്റെ കണ്ണുനനയിച്ചു. സീനിയർ അസിസ്റ്റൻ്റ് വി.കെ സുനിത സ്വാഗതവും എം.രജനി നന്ദിയും പറഞ്ഞു.

തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. നാടൻപാട്ട്, മൈം, കൈകൊട്ടിക്കളി, ഒപ്പന, തിരുവാതിര, ഗ്രൂപ്പ് ഡാൻസ് തുടങ്ങിയവ വാർഷികാഘോഷത്തിന് കൂടുതൽ മിഴിവേകി. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിലെ ഉന്നത വിജയം, സംസ്ഥാന തലത്തിലെ ഗണിതശാസ്ത്ര പ്രതിഭാ നിർണ്ണയ പരീക്ഷയിലെ നേട്ടം തുടങ്ങി സ്കൂളിന്റെ പാഠ്യ-പാഠ്യേതര മികവുകൾ വിളിച്ചോതുന്നതായിരുന്നു ഈ അധ്യയന വർഷം. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കും, മികച്ച അക്കാദമിക നിലവാരം പുലർത്തിയ കുട്ടികൾക്കുമുള്ള മൊമെന്റോ വിതരണവും വാർഷികാഘോഷ വേദിയിൽ വെച്ച് നടന്നു. 

Previous Post Next Post