എടപ്പാൾ :- ജനന - മരണ രജിസ്റ്ററുകളിലെ തെറ്റുകൾ തിരുത്തുന്നത് ഇനി എളുപ്പത്തിലാകും. രജിസ്ട്രേഷനിലെ വിവരം തെറ്റാണെന്ന രജിസ്ട്രാറുടെ ബോധ്യത്തിലും രണ്ടു വിശ്വസനീയ വ്യക്തികളുടെ പ്രസ്താവനകളുടെയും അടിസ്ഥാനത്തിലും ഇനി മുതൽ തെറ്റുതിരുത്താം. ജനനമരണ രജിസ്ട്രേഷനുകളിലുണ്ടാകുന്ന സാങ്കേതിക തെറ്റുകൾ തിരുത്താൻ നോട്ടറിയുടെ സാക്ഷ്യപത്രം, രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർ എന്നിവരുടെ സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം വേണ്ടിയിരുന്നു. കൂടാതെ വിശദമായ അന്വേഷണവും നടത്തും. ഈ നടപടികളാണ് ലളിതമാക്കിയത്.
ഇത്രയും സാക്ഷ്യപത്രങ്ങൾ ഹാജരാക്കേണ്ടി വരുന്നതും അന്വേഷണഫലം ലഭിക്കുന്നതുമെല്ലാം അപേക്ഷകർക്ക് വലിയ പ്രയാസത്തിനും കാലതാമസത്തിനും വഴിവെക്കുന്നതായി പരാതിയുയർന്നതോടെയാണ് നടപടികൾ എളുപ്പത്തിലാക്കാൻ തദ്ദേശസ്വയംഭരണവകുപ്പ് തീരുമാനിച്ചത്. ഇത്തരം പ്രയാസങ്ങൾ ലളിതമാക്കണമെന്നാവശ്യപ്പെട്ട് 2024-ൽ ത്തന്നെ മുഖ്യ ജനനമരണ രജിസ്ട്രാർ സർക്കാരിന് കത്തു നൽകിയിരുന്നു. വിദേശയാത്ര, ഉപരിപഠനം, മക്കളുടെ വിവിധ ആവശ്യങ്ങൾ എന്നിവയെല്ലാം തിരുത്തലുകൾ ആവശ്യമായി വരാറുണ്ട്. അത്തരം ഘട്ടങ്ങളിൽ ഇവ മാറ്റിക്കിട്ടുന്നതിലുണ്ടാകുന്ന കാലതാമസം പലർക്കും പല അവസരങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാക്കാറുണ്ട്. ഇതിനൊക്കെ ഒരു പരിധിവരെ പരിഹാരമാകുന്നതാണ് പുതിയ തീരുമാനം.
