കണ്ണാടിപ്പറമ്പ് :- കൊട്ടിയൂർ വൈശാഖമഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ മെയ് 23 മുതൽ വ്രതാനുഷ്ഠാനങ്ങളോടെ കഞ്ഞിപ്പുരയിൽ കയറിയ ചേലേരി ഇളനീർ സംഘം പടിയിൽ കയറി. പടിയിൽ കയറലിന്റെ മുന്നോടിയായി കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും കലശംകുളിക്കൽ ചടങ്ങ് മേൽശാന്തി ഇ.എൻ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു.
തുടർന്ന് ചൂരൽ കൈമാറി ഇളനീർ തളിച്ച് മൂന്നുവട്ടം പ്രദിക്ഷിണം ചെയ്തു ആചാരപ്രകാരം ചിനക്കൽ നടത്തി. വിജയൻ കാരണവരുടെ നേതൃത്വത്തിൽ 10 വയസ്സുകാരൻ നിദേവ് കൃഷ്ണ ഉൾപ്പടെ 22 പേരടങ്ങിയ ഇളനീർ സംഘമാണ് ചേലേരി ചന്ദ്രോത്തും കണ്ടി മഠപ്പുര പടിയിൽ കയറിയത്. ജൂൺ 4 ന് സംഘം യാത്ര തിരിക്കും. 8 ന് നടക്കുന്ന ഇളന്നീരാട്ടത്തിനുള്ള ഇളനീരുകളുമായി കാൽനടയായി യാത്രചെയ്താണ് സംഘം കൊട്ടിയൂരിൽ എത്തി ജൂൺ 7നാണ് പെരുമാളിന്റെ സന്നിധിയിൽ ഇളനീർ സമർപ്പിക്കുക.


