തലശ്ശേരി :- പാനൂർ വടക്കെ പൊയിലൂരിൽ വീട്ടുമുറ്റത്ത് ബോംബ് പൊട്ടി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷാദിലിന്റെ (12) കൈവിരലുകൾ ചിതറിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സ്റ്റീൽ ബോംബ് പൊട്ടിയാണ് സ്ഫോടനം നടന്നതെന്ന് പോലീസ് സ്‌ഥിരീകരിച്ചു. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ബോംബിന്റെ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തു. സ്ഫോടനം നടന്ന സ്‌ഥലവും വീടും പരിസരവും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും ഇന്നലെയും പരിശോധിച്ചു.
ക്രൈംബാഞ്ച് ഡിവൈഎസ്‌പി എ.വി ജോർജ്, കൊളവല്ലൂർ എസ്ഐ അഖിൽ, എഎസ്ഐ കെ.കെ സഹദേവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് പരിശോധന. പി.പി രജീഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള ഡോഗ് സ്ക്വാഡും എ.സി ബിനിഷിന്റെ നേതൃത്വത്തിലുള്ള ബോംബ് സ്ക്വാഡുമാണ് പരിശോധിച്ചത്. സ്ഫോടനം നടന്ന വീട്ടുമുറ്റത്തു നിന്ന് ബോംബ് സൂക്ഷിച്ച പ്ലാസ്റ്റിക് പാത്രം പൊലീസ് കണ്ടെടുത്തു. സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കസേര ചിതറിയ നിലയിലാണ്. പുറത്തുനിന്നു കൊണ്ടുവന്ന വസ്തു കുട്ടി വീട്ടുമുറ്റത്ത് പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം നടന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇടതു കൈയ്ക്കാണ് പരുക്ക്. ഇടതു കൈപ്പത്തിയിലെ ചെറുവിരലടക്കം 2 വിരലുകൾ നഷ്ടപ്പെട്ടു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ യ്ക്കു വിധേയനായ വിദ്യാർഥിയെ ഇന്നലെ മുറിയിലേക്ക് മാറ്റി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. എങ്ങനെ സ്ഫോടക വസ്തു വീട്ടുമുറ്റത്തെത്തി എന്ന കാര്യം കുട്ടിയിൽ നിന്നു മൊഴിയെടുത്തതിനു ശേഷമേ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു. വടക്കെ പൊയിലൂർ റോഡരികിലെ വാടക വീട്ടിലാണ് മുഹമ്മദ് ഷാദിലും കുടുംബവും താമസിക്കുന്നത്. ചൊവ്വാഴ്ചയാണ് സ്ഫോടനം നടന്നത്.
