സംസ്ഥാനത്തെ എക്സൈസ് നയത്തിൽ മാറ്റം വരും ; മദ്യശാലകളുടെ പ്രവർത്തനങ്ങളിലും മാറ്റമുണ്ടാകും, നിർദ്ദേശങ്ങൾ എഴുതി നൽകാൻ ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ നിർദ്ദേശം


തിരുവനന്തപുരം :- സംസ്ഥാനത്തെ എക്സൈസ് നയത്തിലും എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങളിലും വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി പുതിയ സർക്കാർ. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് എക്സൈസ് മന്ത്രി എം.ലിജു ഇത് സംബന്ധിച്ച നിർണ്ണായക സൂചനകൾ നൽകിയത്. വകുപ്പിന്റെ നയങ്ങളിലും പ്രവർത്തനങ്ങളിലും വരും ദിവസങ്ങളിൽ സമൂലമായ മാറ്റങ്ങൾ പ്രകടമാകുമെന്നും മന്ത്രി വ്യക്തമാക്കി. എക്സൈസ് നയം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ശുപാർശകളും നിർദ്ദേശങ്ങളും എഴുതി നൽകാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. 

ലഹരി വിപത്തിനെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'വിമുക്തി' പദ്ധതിയെ കൂടുതൽ ജനകീയമാക്കാനും ശക്തിപ്പെടുത്താനുമാണ് തീരുമാനം. എക്സൈസ് വകുപ്പിനെ പൂർണ്ണമായി ആധുനികവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി കേസന്വേഷണങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ ഫോൺ രേഖകൾ ശേഖരിക്കാനുള്ള അനുമതിയടക്കം ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ വകുപ്പിന് ലഭ്യമാക്കും. നിലവിലുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ എക്സൈസ് വകുപ്പിന്റെ അംഗബലം വർദ്ധിപ്പിക്കുമെന്നും മന്ത്രി ഉന്നതതല യോഗത്തിൽ ഉറപ്പുനൽകി.

Previous Post Next Post