മുംബൈ :- ഉയർന്ന ഇന്ധനവിലയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സർവീസുകൾ കുറച്ചതിനു പിന്നാലെ ആഭ്യന്തര സർവീസുകളും കുറയ്ക്കാനൊരുങ്ങി വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യയും. എയർ ഇന്ത്യ 22 ശതമാനം വരെയും ഇൻഡിഗോ 5 മുതൽ 7 ശതമാനം വരെയും ആഭ്യന്തര സർവീസുകൾ കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ജൂൺ 1 മുതൽ ആഗസ്ത് വരെയാകും നിയന്ത്രണം കൊണ്ടുവരുകയെന്നും കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. എയർ ഇന്ത്യക്ക് ആഴ്ചയിൽ ഏകദേശം 790 ആഭ്യന്തര സർവീസുകളുടെ കുറവാണ് ഉണ്ടാകുക. ഇൻഡിഗോ അഞ്ചു ശതമാനം കുറവുവരുത്തിയാൽ പോലും ദിവസം 100 സർവീസിനടുത്ത് കുറയുമെന്നാണ് കണക്കാക്കുന്നത്.
