ഖത്തറിൽ ഗ്യാസ് വിതരണ കേന്ദ്രത്തിലെ സ്ഫോടനം ; മരിച്ചവരിൽ 12 പേരും ഇന്ത്യക്കാർ


ദോഹ :- ഖത്തറിലെ വ്യവസായ നഗരമായ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ ഗ്യാസ് വിതരണ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരിൽ 12 പേരും ഇന്ത്യക്കാർ. അപകടത്തിൽ ആകെ 13 പേർക്കാണ് ജീവൻ നഷ്ടമായത്. ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിൽ ഉൽപാദനം പുനരാരംഭിക്കാനിരിക്കെയാണ് അപകടമുണ്ടായത്.

റാസ് ലഫാനിലെ ഫാക്ട‌റിയിൽ ഞായറാഴ്‌ച ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ 54 പേർക്കാണ് പരിക്കേറ്റത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉൽപാദന-കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണിത്. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരുവിധ വാതക ചോർച്ചയും ഉണ്ടായിട്ടില്ലെന്നാണ് മന്ത്രാലയം വിശദീകരണം. ആക്രമണമല്ലെന്നും സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. 

അപകടം ദൗർഭാഗ്യകരമാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ പ്രയാസമേറിയ സാഹചര്യത്തിൽ ഇന്ത്യൻ എംബസിയും ഖത്തറിലെ മുഴുവൻ ഇന്ത്യൻ സമൂഹവും ഖത്തർ ഗവൺമെൻറിനും അവിടുത്തെ ജനങ്ങൾക്കും ഒപ്പം നിലകൊള്ളുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കാണാതായവർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കുന്നതായും എംബസി വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും മറ്റ് അടിയന്തര സഹായങ്ങൾക്കുമായി ഖത്തറിലെ പ്രവാസികൾക്ക് ഹെൽപ്പ് ലൈൻ നമ്പറുകളിലും ഇമെയിൽ വിലാസത്തിലും ഇന്ത്യൻ എംബസിയെ ബന്ധപ്പെടാവുന്നതാണെന്നും എംബസി വ്യക്തമാക്കി.

Previous Post Next Post