കോഴിക്കോട് :- കേരളത്തിൽ ഇക്കഴിഞ്ഞ ജനുവരി 1 മുതൽ ഇതുവരെ 135 ഷിഗെല്ല കേസുകൾ സ്ഥിരീകരിച്ചതായി മന്ത്രി കെ. മുരളീധരൻ. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ 68 എണ്ണം റിപ്പോർട്ട് ചെയ്ത കോഴിക്കോട്ടാണ്. മൂന്നു മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ രണ്ടണ്ണം കോഴിക്കോട്ടാണ്. മാർച്ചിലാണ് കോഴിക്കോട്ട് മൂന്നു വയസ്സുകാരിയുടെ മരണം ആദ്യമായി റിപ്പോർട്ട് ചെയ്തത്. രണ്ടാമത് 4 വയസ്സുകാരി മരിച്ചതും കോഴിക്കോട് ജില്ലയിലാണ്. 59 വയസ്സുള്ള സ്ത്രീയാണ് മൂന്നാമത്തെ കേസ്. മരിച്ചശേഷമാണ് ഇവർക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. വയനാട് 16, തിരുവനന്തപുരം 14, മലപ്പുറം 13, കൊല്ലം ആലപ്പുഴ 6 വീതം, തൃശ്ശൂർ 4, ഇടുക്കി 3, എറണാകുളം, കണ്ണൂർ 2 വീതം, കോട്ടയം 1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാലു കുട്ടികളാണ് കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഐ.സിയുവിൽ ചികിത്സയിലുള്ളത്. ഇതിൽ രണ്ടുപേരുടെ നില അൽപ്പം ഗുരുതരമാണ്. ഇവരെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇത്തരം രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ 'സ്റ്റോപ് ഡയേറിയ' കാംപെയ്ൻ ജൂൺ ആദ്യവാരം മുതൽ നടത്തിവരുന്നുണ്ട്. ഒ.ആർ.എസ്, സിങ്ക് ഗുളികകൾ, മറ്റു മരുന്നുകൾ എന്നിവ എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ട്. അതുപോലെ ജല സ്രോതസ്സുകളുടെ ക്ലോറിനേഷൻ ഊർജിത മാക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയും നടത്തുന്നുണ്ട്. വിദ്യാലയങ്ങളിലെയും മറ്റും കിണറുകൾ പരിശോധിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പിനോട് ഹോട്ടലുകളിലെ പരിശോധന കർശനമാക്കാനും നിർദേശിച്ചിട്ടുണ്ട്. ഷിഗെല്ല റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽത്തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
