ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കളിക്കുന്നതിനിടെ വണ്ടി മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിഞ്ഞ് 4 വയസ്സുകാരിക്ക് പരിക്കേറ്റു


തൃശൂർ :- കീ ഓൺ ചെയ്തു നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കളിക്കുന്നതിനിടെ വണ്ടി മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിഞ്ഞു. നാല് വയസുകാരിക്ക് പരിക്കേറ്റു. കുന്നംകുളം മരത്തംകോട് അമ്പലം പള്ളി സ്വദേശി ബിന്നി - സീമ ദമ്പതികളുടെ മകൾ എൽസിയാണ് അപകടത്തിൽപ്പെട്ടത്. ബുധൻ ഉച്ചയ്ക്ക് 2.45നാണ് അപകടം. കുട്ടിയെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ കുട്ടിയുടെ അമ്മയുടെ പിതാവ് ഉച്ചഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്കുവന്ന സമയത്താണ് അപകടം നടന്നത്.

വീട്ടിലെത്തിയ അദ്ദേഹം ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചാവി ഓഫ് ചെയ്യാൻ മറന്നിരുന്നു. ഈ സമയത്താണ് നാല് വയസുകാരിയായ എൽസി ഓട്ടോറിക്ഷയിൽ കയറി കളിക്കാൻ തുടങ്ങിയത്. കുട്ടി കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വാഹനത്തിന്റെ ആക്സിലേറ്റർ കൊടുക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങുകയും വീടിന്റെ മൂലയിലുണ്ടായിരുന്ന കിണറ്റിലേക്ക് മറിഞ്ഞ് വീഴുകയുമായിരുന്നു. ഓട്ടോറിക്ഷയോടൊപ്പം കുട്ടിയും കിണറ്റിൽ അകപ്പെട്ടു. ഓടിയെത്തിയ അയൽവാസി കിണറ്റിൽ ഇറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് കുന്നംകുളം ഗ്രേഡ് ഫയർ സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തി കിണറ്റിൽ കിടക്കുന്ന ഓട്ടോറിക്ഷ പുറത്തെടുത്തു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ആർ. സനീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

Previous Post Next Post