കണ്ണാടിപ്പറമ്പ്:- പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് ദേശസേവ യു.പി സ്കൂളിൽ പ്രവേശനോത്സവം പ്രൗഢഗംഭീരമായി നടന്നു.പുഞ്ചിരിയോടെയും ആകാംഷയോടെയും എത്തിയ പുതിയ കൂട്ടുകാരെ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് മധുരം നൽകി സ്വീകരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് വി. കെ സുനിത ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് . ഇ. അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽപ്രശസ്ത നാടക പ്രവർത്തകൻ ബാബുരാജ് കാമ്പ്രത്ത് പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളുടെ സർഗ്ഗാത്മകതയെ വളർത്തുന്നതിൽ ഇത്തരം ഉത്സവങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ പുരുഷോത്തമൻ എ, എം.പി.ടി.എ പ്രസിഡന്റ് ലിജി എ, സീനിയർ അസിസ്റ്റന്റ് ബിന്ദു എ, സ്കൂൾ അധ്യാപകൻ ഹംസ കെ എന്നിവർ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.തുടർന്ന് സ്കൂൾ സ്റ്റാഫ് സെക്രട്ടറി രജനി എം ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.തുടർന്ന് സി എം കിഡ്സ് സ്കോളർഷിപ്പ് എക്സാമിനേഷൻ വിജയികൾക്കുള്ള അനുമോദനവും , കുട്ടികളുടെ നൃത്ത നൃത്യങ്ങളും വേദിയിൽ അരങ്ങേറി.
