കളരിവാതുക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ തിരുമുടി നിവർന്നു ; ഉത്തരമലബാറിലെ കളിയാട്ടക്കാലത്തിന് സമാപനമായി


വളപട്ടണം :- കളരിവാതുക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടത്തോടെ ഉത്തരമലബാറിലെ കളിയാട്ടകാലത്തിന് സമാപനമായി. മുഹൂർത്തരാശിയിൽ കോലധാരി മുത്താനിശ്ശേരി ബാബു പെരുവണ്ണാനാണ് കളരിയാൽ ഭഗവതിയുടെ കലശ തിരുമുടിയേറ്റിയത്.  തിരുമുടി ദർശിക്കാൻ നിരവധി ഭക്തർ ഒഴുകിയെത്തിയത്. 7 കമുകും അൻപതിലേറെ മുളകളും ഉപയോഗിച്ച് 21 കോൽ ഉയരത്തിലും 6.75 കോൽ വീതിയുമുള്ള പെരും തിരുമുടിയാണ് കളരിയാൽ ഭഗവതിയുടേത്.

ബാബു മുത്താനിശ്ശേരി കളരിയാൽ ഭഗവതിയെയും സാഗർ പെരുവണ്ണാൻ ക്ഷേത്രപാലകൻ തെയ്യത്തിന്റെയും കോലമണിഞ്ഞു. സ്വരൂപ ദേവതകളായ സോമേശ്വരി, പാടിക്കുറ്റി, പഴശ്ശി ഭഗവതി, കാളരാത്രി, തിരുവർകാട്ട് ഭഗവതി തെയ്യങ്ങളും കെട്ടിയാടി. ഉച്ചകഴിഞ്ഞ് ശ്രീഭാരത് കളരി സംഘത്തിന്റെ കളരിപ്പയറ്റുമുണ്ടായി. സന്ധ്യയ്ക്ക് കളരിയാൽ ഭഗവതിയുടെയും 6 കോലങ്ങളുടെയും തിരുമുടി അഴിച്ച് അണിയറയിലേക്ക് നീങ്ങിയതോടെ ഉത്തര കേരളത്തിലെ തെയ്യോത്സവങ്ങൾക്ക് സമാപനമായി. ഇനി തുലാമാസം വരെ തെയ്യാട്ടക്കാർക്ക് വിശ്രമകാലം.








Previous Post Next Post