കൊട്ടിയൂരിൽ ചതുശ്ശതം പായസ നിവേദ്യം ഇന്ന് ; തൃക്കൂർ അരിയളവ് നാളെ


കൊട്ടിയൂർ :- വൈശാഖോത്സവത്തിലെ ആദ്യ ചതുശ്ശതം പായസ നിവേദ്യം ഇന്ന്. കൊട്ടിയൂരിലെ പായസ നിവേദ്യം വലിയവട്ടളം പായസം നിവേദ്യമെന്നാണ് അറിയപ്പെടുന്നത്. തിരുവാതിര നാളിലാണ് ആദ്യ ചതുശ്ശതം വലിയ വട്ടളം പായസം നിവേദിക്കുക. വൈശാഖോത്സവത്തിൽ 4 പായസ നിവേദ്യമാണുള്ളത്. ഇതിൽ ആദ്യത്തേതാണ് തിരുവാതിര നാളായ ഇന്ന് നടത്തുക. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്ക് ഒപ്പമാണ് പായസ നിവേദ്യം നടത്താറുള്ളത്. നൂറ്റിയൊന്ന് ഇടങ്ങഴി അരി, നൂറ്റിയൊന്ന് ഭാഗം നാളികേരം, നൂറ്റിയൊന്ന് പലം ശർക്കര, തുല്യം ജലം എന്നിവയും നെയ്യും ചേർത്താണ് വലിയ വട്ടളത്തിലെ ചതുശ്ശതം പായസം തയാറാക്കുന്നത്.

തിടപ്പള്ളിയിൽ ഒരുക്കുന്ന പായസം വട്ടളത്തോടെ ശ്രീ കോവിലിൽ എത്തിക്കും. അവിടെവച്ച് പ്രത്യേക പൂജകളോടെ നിവേദിക്കും. ഉത്സവകാലത്തെ ആദ്യത്തെ പായസ നിവേദ്യം കരിമ്പനയ്ക്കൽ ചാത്തോത്ത് ഊരാളൻ്റെ തറവാട്ടു വകയാണ്. പുണർതം നാളിൽ നടത്തുന്ന രണ്ടാമത്തെ വലിയ വട്ടളം ചതുശ്ശതം പായസ നിവേദ്യം കോട്ടയം കിഴക്കേ കോവിലകം വകയാണ്. പൊൻമലേരി കോറോം തറവാട് വകയാണ് മൂന്നാമത്തെ വലിയവട്ടളം പായസനിവേദ്യം. അത്തം നാളിൽ നടത്തുന്ന അവസാനത്തെ പായസ നിവേദ്യം ദേവസ്വം വകയാണ്. ഈ വർഷത്തെ തൃക്കൂർ അരിയളവ് നാളെ നടത്തും. കോട്ടയം സ്വരൂപത്തിലെ അമ്മരാജ, പാരമ്പര്യ ഊരാളന്മാരുടെ തറവാടുകളിലെയും മറ്റ് അവകാശങ്ങളുള്ള തറവാടുകളിലെയും സ്ത്രീകൾ, ഏഴില്ലക്കാരായ തറവാടുകളിലെ സ്ത്രീകൾ എന്നിവർക്കാണ് അരിയളവ് നടത്തുക.

Previous Post Next Post