പരിചയമില്ലാത്ത മെസേജുകൾക്ക് മുന്നറിയിപ്പ് സന്ദേശം ലഭിക്കും ; സൈബർ തട്ടിപ്പുകൾക്കും സന്ദേശങ്ങൾക്കും പൂട്ടിടാനൊരുങ്ങി വാട്സ്ആപ്പ്


ലോകത്തിലെ ഏറ്റവും ജനപ്രിയമായ സന്ദേശവിനിമയ പ്ലാറ്റ്ഫോമുകളിലൊന്നായ വാട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സൈബർ തട്ടിപ്പുകളും സ്പാം സന്ദേശങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, അപരിചിത നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങളെക്കുറിച്ച് ഉപയോക്താക്കളെ മുൻകൂട്ടി ജാഗ്രതപ്പെടുത്തുന്ന പുതിയ സുരക്ഷാ സംവിധാനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രത്യേക മുന്നറിയിപ്പ്

ഫീച്ചർ ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഒരു ഉപയോക്താവിന് സേവ് ചെയ്യാത്ത ഫോൺ നമ്പറിൽ നിന്ന് സന്ദേശം ലഭിക്കുമ്പോൾ, ആ ചാറ്റ് തുറക്കുന്നതിന് മുമ്പ് പ്രത്യേക മുന്നറിയിപ്പ് സന്ദേശം വാട്‌സ്ആപ്പ് പ്രദർശിപ്പിക്കും. ഇതിലൂടെ ആ നമ്പറിന്റെ വിശ്വാസ്യതയെക്കുറിച്ച് ഉപയോക്താവിന് പ്രാഥമിക ധാരണ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

പുതിയ മുന്നറിയിപ്പ് സന്ദേശത്തിൽ ആ ഫോൺ നമ്പർ രജിസ്റ്റർ ചെയ്‌തിരിക്കുന്ന രാജ്യം, ആ നമ്പർ കോൺടാക്‌ട് ലിസ്റ്റിൽ സേവ് ചെയ്തിട്ടുണ്ടോ എന്ന വിവരം, കൂടാതെ അയച്ചയാളുമായി ഏതെങ്കിലും പൊതു ഗ്രൂപ്പുകൾ പങ്കിടുന്നുണ്ടോ എന്ന വിവരവും ഉൾപ്പെടും. ഇതോടൊപ്പം, "തട്ടിപ്പുകാർ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, പാസ്‌വേഡുകൾ എന്നിവ കൈക്കലാക്കാനോ പണം അയയ്ക്കാൻ പ്രേരിപ്പിക്കാനോ ശ്രമിച്ചേക്കാം" എന്ന തരത്തിലുള്ള സുരക്ഷാ മുന്നറിയിപ്പും പ്രദർശിപ്പിക്കപ്പെടും.

മുന്നറിയിപ്പ് പരിശോധിച്ച ശേഷം ഉപയോക്താവിന് ചാറ്റ് തുടരാനോ അതിൽ നിന്ന് പിന്മാറാനോ തിരഞ്ഞെടുക്കാം. ഉപയോക്താവ് എന്ത് തീരുമാനമാണ് എടുത്തതെന്ന് സന്ദേശം അയച്ച വ്യക്തിയെ അറിയിക്കില്ല. അതിനാൽ സുരക്ഷിതമായി തീരുമാനമെടുക്കാൻ ഈ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

സമീപകാലത്ത് ഓൺലൈൻ തട്ടിപ്പുകൾ, വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ, നിക്ഷേപ തട്ടിപ്പുകൾ, ബാങ്കിംഗ് തട്ടിപ്പുകൾ തുടങ്ങിയവ വാട്‌സ്ആപ്പിലൂടെ വ്യാപകമായി നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ മുന്നറിയിപ്പ് ഫീച്ചർ സഹായിക്കുമെന്നാണ് സാങ്കേതിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.

ഇതിനിടെ, വാട്സ്ആപ്പിനായി മറ്റ് ചില പുതിയ ഫീച്ചറുകളും മെറ്റ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഹോം സ്ക്രീനിൽ നേരിട്ട് സ്ഥാപിക്കാവുന്ന പ്രത്യേക വോയ്‌സ് നോട്ട് വിഡ്‌ജറ്റും, ഐഫോൺ ഉപയോക്താക്കൾക്കായി 'വ്യൂ വൺസ്' ടെക്സ്റ്റ് സന്ദേശ സംവിധാനവും പരീക്ഷണ ഘട്ടത്തിലാണെന്നാണ് സൂചന. ഉപയോക്തൃ അനുഭവം കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായി മാറ്റുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ അപ്ഡേറ്റുകൾ എത്തുന്നത്.

Previous Post Next Post