ജില്ലയെ മയക്കുമരുന്ന് വിമുക്തമാക്കുക ; ഡ്രഗ് ഫ്രീ കണ്ണൂര്‍ ക്യാംപയിന്റെ ഭാഗമായി നാളെ ജില്ലയില്‍ വിപുലമായ പരിപാടികള്‍


കണ്ണൂർ :- ജില്ലയെ മയക്കുമരുന്ന് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഡ്രഗ് ഫ്രീ കണ്ണൂര്‍ ക്യാമ്പയിന്റെ ഭാഗമായി അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായ ജൂണ്‍ 26ന് വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ജില്ലാ കലക്ടര്‍ പി വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാര്‍കോ കോർഡിനേഷന്‍ കമ്മിറ്റി അന്തിമരൂപം നല്‍കി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ്, സാമൂഹ്യനീതി, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് വിപത്തില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ബോധവല്‍ക്കരണ പരിപാടികള്‍ക്കൊപ്പം മയക്കുമരുന്നിനെതിരെ ശാസ്ത്രീയ പ്രതിരോധ മാര്‍ഗങ്ങള്‍ തദ്ദേശ സ്ഥാപനതലത്തില്‍ ആസൂത്രണം ചെയ്ത് നടപപ്പിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിലെ മയക്കുമരുന്ന് ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി അവ മയക്കുമരുന്ന് മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നുവരുന്നതെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ ബി വി വിജയരാജ ഭരത് റെഡ്ഡി അറിയിച്ചു.

ക്യാമ്പയിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് ആന്‍ഡ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം അഡ്വ. ടി. ഒ. മോഹനന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്യും. കാള്‍ടെക്‌സ് ഗാന്ധി സര്‍ക്കിള്‍, പഴയ ബസ്റ്റാന്‍ഡ് സമീപം, സ്റ്റേഡിയം പരിസരം വഴി സഞ്ചരിച്ച് കൂട്ടയോട്ടം തിരികെ പരേഡ് ഗ്രൗണ്ടില്‍ സമാപിക്കും. ചടങ്ങില്‍ മേയര്‍ അഡ്വ. പി. ഇന്ദിര ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ലഹരിക്കെതിരായ പോരാട്ടത്തില്‍ പൊതുജനങ്ങളുടെ സജീവമായ പിന്തുണ ഉറപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ നിര്‍വഹിക്കും.

മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പോലിസ് സഭാ ഹാളില്‍ കെ സുധാകരന്‍ എംപി നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് അധ്യക്ഷനാകും. മേയര്‍ അഡ്വ പി ഇന്ദിര, സിറ്റി പോലിസ് കമ്മീഷണര്‍ ബി വി വിജയരാജ ഭരത് റെഡ്ഡി തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് ലഹരിവിരുദ്ധ ഹ്രസ്വചിത്ര പ്രദര്‍ശനം, ഓപ്പറേഷന്‍ തൂഫാന്‍, ഓപ്പറേഷന്‍ തണ്ടര്‍, മനസ്സും ആരോഗ്യവും എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളും നടക്കും.

ക്യാമ്പയിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍, നശാമുക്ത് ഭാരത് അഭിയാന്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ ഇടങ്ങളിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ജില്ലയില്‍ ഡീഅഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കും. ഡോക്ടറുടെ ക്യത്യമായ കുറിപ്പടികളില്ലാതെ സൈക്കോട്രോപിക് മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി വിതരണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനകള്‍ കര്‍ശനമാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, സിറ്റി പോലിസ് കമ്മീഷണര്‍ ബി വി വിജയരാജ ഭരത് റെഡ്ഡി, തലശ്ശേരി സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, തളിപ്പറമ്പ് ആര്‍ഡിഒ എസ് വന്ദന, ഡിസിപി ഉമേഷ് ഗോയല്‍, ഡിഡിഇ ഡി ഷൈനി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി പി ബിജോയ്, ഡിപിഒ ഇന്‍ചാര്‍ജ് സി പി സുധീഷ്, ഡിസിപിഒ സി ദിവ്യ, എല്‍എസ്ജിഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഉമേഷ് ബാബു കോട്ടായി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Previous Post Next Post