തൃശ്ശൂർ :- മണലൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ (27) വയസ്സുള്ള വിഷ്ണുവാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം. ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നിൽക്കുന്നത് ഇന്നലെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വിഷ്ണുവിന്റെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് ഇന്നലെ തന്നെ മാറ്റി പാർപ്പിച്ചിരുന്നു.
വിഷ്ണു ഈ വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ കനത്ത മഴയിലാണ് മരം വിഷ്ണു കിടക്കുന്ന മുറിയുടെ മുകൾ ഭാഗത്തേക്ക് വീഴുന്നത്. പോലീസും ഫയർഫോഴ്സും എത്തി മരം മുറിച്ചു മാറ്റിയാണ് വിഷ്ണുവിനെ എടുത്ത് തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
