ദില്ലി :- കഴിഞ്ഞ ആറു വർഷത്തിനിടെ ദില്ലിയിൽ ഉണ്ടായ തീപിടുത്തങ്ങളിൽ 500-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ. ദില്ലി സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2019 മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ മാത്രം 543 പേർ തീപിടിത്ത അപകടങ്ങളിൽ മരിച്ചു. തെക്കൽ ദില്ലിയിലെ മാലവ്യ നഗറിലുള്ള (ഹൌസ് റാണി പ്രദേശം) 'ഫ്ലറിഷ് സ്റ്റേ' ഹോട്ടലിൽ വൻ ദുരന്തത്തിന്റെ പിന്നാലെയാണ് ഈ കണക്കുകൾ . പുറത്തുവന്നത്. 12 വിദേശികളടക്കം 21 പേരാണ് മാലവ്യ നഗർ ദുരന്തത്തിൽ മരിച്ചത്.
ചൂട് കൂടുന്ന വേനൽക്കാലത്ത് ദില്ലിയിൽ തീപിടുത്തങ്ങൾ കുത്തനെ ഉയരുന്നതായി ദില്ലി ഫയർ സർവീസ് വ്യക്തമാക്കുന്നു. എസി, കൂളറുകൾ തുടങ്ങിയ ഉപകരണങ്ങളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ഷോർട്ട് സർക്യൂട്ടുകളാണ് ഇതിന് പ്രധാന കാരണം. എന്നാൽ അപകടമുണ്ടായ മാലവ്യ നഗറിലെ ഹോട്ടലിന് വെറും 6 മുറികൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നത്. ബേസ്മെന്റിലടക്കം 25-ഓളം മുറികളാണ് ഇവിടെ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിന് ഫയർ സേഫ്റ്റി എൻ.ഒ.സി ഉണ്ടായിരുന്നില്ല. അടിയന്തിര ഘട്ടങ്ങളിൽ പുറത്തുകടക്കാൻ ഒരു വഴി മാത്രമാണ് ഈ അഞ്ചുനില കെട്ടിടത്തിനുണ്ടായിരുന്നത്.
അനജ് മണ്ഡി തീപിടുത്തം, ഉപഹാർ സിനിമാ ദുരന്തങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു മാലവ്യ നഗറിലെ അപകടം. മനഃപൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് ദില്ലി പൊലീസ് കേസെടുത്തിരിക്കുന്നത്. ഹോട്ടലുടമ ലവ്കേഷ് ബജാജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇത്തരം അനധികൃത വാണിജ്യ കെട്ടിടങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.
