കൊട്ടിയൂരിൽ രോഹിണി ആരാധന ചടങ്ങുകൾ നടന്നു ; ആദ്യ ചതുശ്ശതം വലിയ വട്ടളം പായസം നാളെ നിവേദിക്കും


കൊട്ടിയൂർ :- രോഹിണിനാൾ ഉച്ചയ്ക്ക് കുറുമാത്തൂർ നായ്ക്കൻ മണിത്തറയിലെത്തി വിഗ്രഹത്തിൽ തുളസിക്കതിരുകളും ജലവും അർപ്പിച്ച ശേഷം സ്വയംഭൂവിനെ ആലിംഗനം ചെയ്തതോടെ വൈശാഖ ഉത്സവത്തിലെ രോഹിണി ആരാധന നാളിലെ ചടങ്ങുകൾ നടന്നു. ആലിംഗന പുഷ്പാഞ്ജലി നടത്താൻ അവകാശമുള്ള നായ്ക്കൻ സ്ഥാനികൻ കുറുമാത്തൂർ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിപ്പാട് ശനിയാഴ്ച രാത്രി മണത്തണയിലെ ആക്കൽ തറവാട്ടിൽ ആചാര പ്രകാരം എത്തുകയും ഇന്നലെ കൊട്ടിയൂരിൽ എത്തിച്ചേരുകയും ചെയ്തു.

രാവിലെ മണത്തണ കുണ്ടേൻ വിഷ്ണു‌ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം കൊട്ടിയൂരിലെത്തിയത്. ആക്കൽ കയ്യാലയിൽ എത്തിയ നായ്ക്കനെ തേടൻ വാരിയർ സ്വീകരിച്ചു. സ്ന‌ാനം ചെയ്‌ത്‌ മണിത്തറയിലെത്തിയ അദ്ദേഹം സ്വയംഭൂ വിഗ്രഹത്തിൽ തുളസിക്കതിരും തീർഥവും സമർപ്പിച്ച ശേഷം ആലിഗംനം ചെയ്തു‌. രോഹിണി ആരാധനയുടെ ഭാഗമായി ആരാധനാ പൂജയും പൊന്നിൻ ശീവേലി, പഞ്ചഗവ്യ അഭിഷേകം എന്നിവ നടത്തി. രോഹിണി ആരാധനയുടെ ഭാഗമായി ദേവസദ്യയും നടത്തി. വൈശാഖോത്സവത്തിലെ ആദ്യ ചതുശ്ശതം വലിയ വട്ടളം പായസം തിരുവാതിര നാളായ നാളെ നിവേദിക്കും. പന്തീരടി പൂജയ്ക്ക് ഒപ്പമായിരിക്കും വലിയ വട്ടളം പായസം നിവേദിക്കുക.

Previous Post Next Post