കൊട്ടിയൂർ :- അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ സ്ത്രീകളുടെ ദർശനകാലത്തിന് ശനിയാഴ്ച ഉച്ചയോടെ സമാപനം. ഉച്ചശീവേലി വരെയാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനമുള്ളത്. ഉച്ചശീവേലി കഴിഞ്ഞാൽ സ്ത്രീകളും ആനകളും പടിഞ്ഞാറെ നടവഴി അക്കരെ സന്നിധാനം വിട്ടിറങ്ങും. വിശേഷവാദ്യങ്ങളും അക്കരെ ദേവസ്ഥാനം വിടും. ഇതോടെ അക്കരെ സന്നിധിയിൽ ഗൂഢപൂജകൾക്ക് അരങ്ങൊരുങ്ങും. വൈശാഖോത്സവത്തിലെ മകം കലം വരവ് ശനിയാഴ്ച നടക്കും. കലം പുജയ്ക്ക് ആവശ്യമായ കലങ്ങൾ സന്ധ്യയോടെ കൊട്ടിയൂരിലെത്തിക്കും. നല്ലൂരാൻ എന്നറിയപ്പെടുന്ന കുലാല സ്ഥാനികന്റെ നേതൃത്വത്തിൽ 12 അംഗ സംഘം രാവിലെ മുഴക്കുന്നിൽ നിന്ന് കലങ്ങളുമായി കൊട്ടിയൂരിലേക്ക് പുറപ്പെടും.
സന്ധ്യയോടെ ഇവർ ഗണപതിപ്പുറത്ത് എത്തും. ഇരുട്ടായ ശേഷം കലങ്ങളുമായി സന്നിധാനത്തേക്ക് പ്രവേശിക്കും. കലങ്ങൾ കരിമ്പനയ്ക്കൽ ചാത്തോത്ത് കയ്യാലയിൽ സൂക്ഷിക്കും. കലങ്ങൾ എടുത്തുനൽകാനായി നല്ലൂരാൻ സ്ഥാനികൻ മാത്രം ക്ഷേത്രത്തിൽ തങ്ങും. അർധരാ ത്രിയോടെ ഗൂഢപൂജകൾ തുടങ്ങും. അടുത്ത രണ്ടുദിവസം കലംപൂജകൾ നടത്തും. ആയില്യം ചതുശ്ശതം കൊട്ടിയൂർ പെരുമാൾക്ക് നിവേദിച്ചു. മൂന്നാമത്തെ ചതുശ്ശതമാണ് വെള്ളിയാഴ്ച ഭഗവാന് സമർപ്പിച്ചത്. ഉച്ചയ്ക്ക് പന്തീരടി പൂജയൊപ്പമാണ് പായസം നിവേദിച്ചത്. അഞ്ചരക്കണ്ടി പടുവിലായി പൊന്മലേരി കോറോത്ത് തറവാട് വകയായിരുന്ന പായസം.
