മനുഷ്യാവകാശ പ്രവർത്തക ഡോ. മാഹ്‌റംഗ് ബലോച്ചിന് പാക്കിസ്ഥാനിൽ ജീവപര്യന്തം


ഇസ്ലാമബാദ് :- പാകിസ്‌താനിലെ ബലോചിസ്താനിൽ ദൂരൂഹ സാഹചര്യത്തിലുള്ള തിരോധാനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ വർഷങ്ങളായി പോരാടുന്ന മനുഷ്യാവകാശ പ്രവർത്തക ഡോ. മാഹ്‌റംഗ് ബലോച്ചിന് ജീവപര്യന്തം തടവ്. 2024-ൽ ഒരു പ്രതിഷേധ പ്രകടനത്തിനിടയിൽ അർദ്ധസൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട കേസിലാണ് ക്വറ്റയിലെ തീവ്രവാദ വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്. രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്ന് ആരോപിച്ച് മാഹ്റംഗും അഭിഭാഷകരും വിചാരണനടപടികൾ പൂർണ്ണമായി ബഹിഷ്കരിച്ചിരുന്നു.

ബലൂചിസ്ത‌ാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പൊരുതുന്ന ബലോച് ഐക്യ സമിതിയുടെ നേതാവാണ് മാഹ്റംഗ്. സംഘടനയുടെ മറ്റൊാരു നേതാവായ സിബ്‌ഗത്തുള്ളയ്ക്കും കോടതി ജീവപര്യന്തം തടവ് വിധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ ആശ്രിതർക്ക് രണ്ട് ലക്ഷം പാകിസ്ത‌ാൻ രൂപ വീതം നഷ്പരിഹാരം നൽകാനും ഉത്തരവുണ്ട്.

2024 ജൂലൈയിൽ തുറമുഖ നഗരമായ ഗ്വാദറിൽ ബലോച് ഐക്യ സമിതി നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇവിടെ മാഹ്റംഗ് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും, തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം അതിർത്തി രക്ഷാസേനയിലെ ഉദ്യോഗസ്ഥനായ ഷബ്ബീർ അഹമ്മദിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രൊസിക്യൂഷൻ കേസ്. എന്നാൽ സമാധാനപരമായി പ്രതിഷേധിച്ച തങ്ങൾക്കെതിരെ വ്യാജ തെളിവുകൾ ചമയ്ക്കുകയാണെന്ന് സംഘടന പ്രതികരിച്ചു. ജയിലിനുള്ളിൽ അതീവ  രഹസ്യമായാണ് കോടതി വിചാരണ പൂർത്തിയാക്കിയതെന്നും പ്രതിഭാഗത്തിന് സാക്ഷികളെ വിസ്‌തരിക്കാൻ പോലും അവസരം നൽകിയില്ലെന്നും മാഹ്റംഗിന്റെ സഹോദരിയും അഭിഭാഷകയുമായ നാദിയ ബലോച്ച് വ്യക്തമാക്കി.

മാഹ്റംഗിനെതിരെയുള്ള വിധി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പാകിസ്ത‌ാൻ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ പ്രതികരിച്ചു. സമാധാനപരമായ ജനാധിപത്യ പോരാട്ടങ്ങളെയും ഭീകരവാദത്തെയും ഒരേ തട്ടിൽ കാണുന്ന പാക് ഭരണകൂടത്തിൻ്റെ വിവേചനപരമായ < നയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ് അടക്കമുള്ള പ്രമുഖരും വിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ബി.ബി.സിയുടെ 2024-ലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വനിതകളുടെ പട്ടികയിൽ മാഹ്റംഗ് ബലോച്ച് ഇടംപിടിച്ചിരുന്നു. പാകിസ്‌താനിലെ ബലോച് വംശജരുടെ അവകാശ പോരാട്ടങ്ങളുടെ മുഖമാണ് മാഹ്റംഗ്. 2009-ൽ സുരക്ഷാ ഉദ്യോഗസ്ഥർ തട്ടിക്കൊണ്ടുപോവുകയും പിന്നീട് 4 ക്രൂരപീഡനമേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്‌ത പിതാവിന്റെ ദുർവിധിയിൽ നിയമപോരാട്ടം നടത്തിയാണ് മാഹ്റംഗ് പൊതുരംഗത്തേക്ക് വന്നത്. കാണാതായ തങ്ങളുടെ കുടുംബാംഗങ്ങളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് 2023-ൽ നൂറുകണക്കിന് സ്ത്രീകൾക്കൊപ്പം ഇസ്ലാമാബാദിലേക്ക് അവർ നയിച്ച കിലോമീറ്ററുകൾ നീണ്ട ലോങ് മാർച്ച് ആഗോള ശ്രദ്ധ നേടിയിരുന്നു.

Previous Post Next Post