ഇന്ന് വായനാ ദിനം. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ പി.എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയർത്തിയ മഹാനാണ് പി.എൻ പണിക്കർ. 1996 മുതലാണ് പി.എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ച് തുടങ്ങിയത്. വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ വായനാദിനവും.
വായനാശീലം മറന്ന് ആധുനിക യുഗത്തിൻ്റെ മുഖഛായായ സ്മാർട്ട്ഫോണുകളിലേക്ക് ഒതുങ്ങിയ പുതു തലമുറയുടെ ഇടയിൽ വായനാ ദിനത്തിന്റെ പ്രധാന്യം ഏറെയാണ്. 'വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക' എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് സമൂഹത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനം ചെയ്ത വ്യക്തിയാണ് പി എൻ പണിക്കർ. ചെറുപ്പകാലം മുതൽക്ക് തന്നെ തന്റെ ജീവിതം വായനയ്ക്കായി ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 1909 മാർച്ച് ഒന്നിനാണ് പി.എൻ പണിക്കർ ജനിച്ചത്. തന്റെ പതിനേഴാം വയസിൽ സനാതനധർമ്മം എന്ന പേരിൽ ഒരു വായനശാല സ്ഥാപിച്ച് കൊണ്ടാണ് അദ്ദേഹം ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.
