ദില്ലി :- അസമിലെ വിമാന അപകടത്തിൽ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീരമൃത്യു. സഹപൈലറ്റ് രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന. അസമിലെ ജോർഹട്ടിലെ വ്യോമസേന വിമാനമാണ് തകർന്നുവീണത്. AN-32 എന്ന ട്രാൻസ്പോർട്ട് വിമാനമാണ് തകർന്നുവീണത്. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തകർന്നു വീണ വിമാനത്തിന് തീപിടിച്ചു. ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
45 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വിമാനമാണ് തകർന്നത്. പരിക്കേറ്റ സഹ പൈലറ്റ് ഗുരുതര പരിക്കോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ പത്ത് മണിക്കാണ് അപകടം നടന്നത്. പരിശീലന പറക്കലിനിടെയാണ് അപകടമെന്നും അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും വ്യോമസേന അറിയിച്ചു. സ്‌ക്വാഡ്രൺ ലീഡർ പ്രശാന്ത് സിംഗ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ, രണ്ട് അഗ്നിവീറുകളായ ഖേമാറാം കുമാവത്, ഡാനിഷ് ആലം എന്നിവരാണ് മരിച്ചത്.
