അഴീക്കോട് :- ടാർക്ഷാമത്താൽ റോഡ് നിർമാണവും അറ്റകുറ്റപ്പണിയും മുടങ്ങിയ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെ.വി. സുമേഷ് എം.എൽ.എ പൊതുമരാമത്ത് മന്ത്രി പി.കെ ബഷീറിന് നിവേദനം നൽകി. ദേശീയപാതയിൽ പാപ്പിനിശ്ശേരി മുതൽ കണ്ണൂർ വരെയുള്ള റോഡിലെ കുഴികൾ അടച്ച് അറ്റകുറ്റപ്പണി നടത്തണമെന്നും രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
കാലവർഷം എത്തുന്നതിന് മുൻപ് മണ്ഡലത്തിലെ റോഡുകളുടെ നിർമാണവും അറ്റകുറ്റപ്പണിയും നടത്താൻ സാധിക്കാത്തത് ജനങ്ങൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധം കാരണം ക്രൂഡ് ഓയിലിന്റെ വരവ് തടസ്സപ്പെട്ടതാണ് കരാറുകാരെ പ്രതിസന്ധിയിലാക്കിയത്. ക്രൂഡ് ഓയിൽ സംസ്കരിക്കുമ്പോൾ ലഭിക്കുന്ന ഉപോൽപ്പന്നമാണ് ടാർ. എത്രയും പെട്ടെന്ന് ഈ പ്രശ്നം പരിഹരിച്ച് ടാർ ലഭ്യത ഉറപ്പാക്കണമെന്നും, റോഡ് നിർമാണവും അറ്റകുറ്റപ്പണിയും വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ നിവേദനത്തിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു.
